ആറു മാസത്തിനിടെ കടത്തിയത് 100 കിലോ സ്വര്‍ണ്ണം; നാല് എയര്‍ഇന്ത്യാ ജീവനക്കാര്‍ അറസ്റ്റില്‍

വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിക്കലായിരുന്നു ഇവരുടെ ജോലി.

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ നാല് എയര്‍ഇന്ത്യാ ജീവനക്കാര്‍ അറസ്റ്റില്‍. എയര്‍ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസല്‍, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയായ ഭദ്രയുടെ ജീവനക്കാരായ എറണാകുളം സ്വദേശി മെബീന്‍ ജോസഫ്, ആറ്റിങ്ങല്‍ സ്വദേശി നബീല്‍, ഇടനിലക്കാരന്‍ തകരപ്പറമ്പില്‍ മൊബൈല്‍ കട നടത്തുന്ന ഉവൈസ് എന്നിവരെയാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്.

ആറു മാസത്തിനിടെ 100 കിലോഗ്രാം സ്വര്‍ണ്ണമാണ് ഇവര്‍ കടത്തിയത്. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിക്കലായിരുന്നു ഇവരുടെ ജോലി. ഒരു കിലോ സ്വര്‍ണം പുറത്തെത്തിച്ചാല്‍ അറുപതിനായിരം രൂപ കൂലി ലഭിക്കും.

കഴിഞ്ഞ വ്യാഴാഴ്ച രണ്ടേകാല്‍ കോടിയുടെ 50സ്വര്‍ണ ബിസ്‌കറ്റുകളുമായി കാസര്‍കോട് സ്വദേശി മന്‍സൂര്‍, എറണാകുളത്തെ കണ്ണന്‍, ഇവര്‍ക്ക് സഹായം ചെയ്ത എയര്‍ ഇന്ത്യാ സാറ്റ്‌സിലെ കസ്റ്റമര്‍ സര്‍വീസ് ഏജന്റ് ആലപ്പുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരെ ഡിആര്‍ഐ പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് വിമാനത്താവള ജീവനക്കാരടക്കം കുടുങ്ങിയത്.

അറസ്റ്റ് ചെയ്ത എല്ലാവരെയും റിമാന്റ് ചെയ്തതായി ഡിആര്‍ഐ അറിയിച്ചു. വിമാനത്താവള ജീവനക്കാരില്‍ നിരവധിപേര്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായം ചെയ്യുന്നുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരെ പുറത്താക്കണമെന്ന് ഡിആര്‍ഐ ശുപാര്‍ശ ചെയ്തു.

Exit mobile version