സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; അഞ്ചംഗസംഘം പിടിയില്‍

പ്രതികള്‍ താമസിക്കുന്ന സ്ഥലത്തെ നിരവധി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോ, ഇവര്‍ അറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അശ്ലീലമായി ചിത്രീകരിച്ച് പ്രചരിപ്പിക്കലായിരുന്നു ഇവരുടെ രീതി.

തുറവൂര്‍: സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച അഞ്ചംഗസംഘം പോലീസ് പിടിയില്‍. കളരിക്കല്‍ ഭാഗത്ത് താമസിക്കുന്ന പ്രണവ് (22), ശ്രീദേവ് (19), ആകാശ് (19), ദീപില്‍ (19), അമല്‍ദേവ് (18) എന്നിവരാണ് പിടിയിലായത്.

തുറവൂര്‍ പഞ്ചായത്തിലെ മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല കമന്റുകളോടെ പ്രചരിപ്പിച്ച അഞ്ച് യുവാക്കളാണ് പിടിയിലായത്. സംഘത്തില്‍പ്പെട്ട ഒരു യുവാവിന്റെ അമ്മയുടെ ചിത്രം ഇത്തരത്തില്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ പരസ്പരം ഉണ്ടായ ഏറ്റുമുട്ടലാണ് സംഭവം പുറംലോകം അറിയാന്‍ കാരണം.

പ്രതികള്‍ താമസിക്കുന്ന സ്ഥലത്തെ നിരവധി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോ, അവര്‍ അറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അശ്ലീലമായി ചിത്രീകരിച്ച് പ്രചരിപ്പിക്കലായിരുന്നു ഇവരുടെ രീതി.

ഇവരുടെ ശല്യം ശ്രദ്ധയില്‍ പെട്ടതോടെ സ്ഥലത്തെ സ്ത്രീകള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചതില്‍ പരാതി സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി മൊബൈലുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു.

Exit mobile version