തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ല, ഊര്‍ജ്ജസ്വലതയില്ല എന്ന് ശശിതരൂര്‍; തരൂരിന്റെ സങ്കടം മാറ്റാന്‍ നിരീക്ഷകന്‍ എത്തുന്നു

ന്യൂഡല്‍ഹി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പരാതി മാനിച്ച് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്റ്‌ നിരീക്ഷകനെ നിയോഗിച്ചു. പ്രചാരണത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരുന്നില്ല എന്നായിരുന്നു ശശി തരൂരിന്റെ പരാതി.

മഹാരാഷ്ട്രയില്‍ നിന്നുള്ള നാനാ പട്ടോളെയെയാണ് നിരീക്ഷകനായി നിയമിച്ചത്. അദ്ദേഹം ഉടന്‍ തന്നെ തിരുവനന്തപുരത്തെത്തും. മുന്‍ ബിജെപി എംപിയാണ് നാന ഫല്‍ഗുന്‍ റാവു പട്ടോളെ. കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂര്‍ പ്രചാരണത്തിന് പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ല എന്നും ഏകോപനം നടക്കുന്നില്ല എന്നും പറഞ്ഞ് കെപിസിസിക്ക് പരാതി നല്‍കിയത്. തുടര്‍ന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പരാതികള്‍ക്ക് നടപടി കണ്ടെത്തിയത്.

കോണ്‍ഗ്രസിന്റെ സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് പട്ടോളെയെ നിരീക്ഷകനായി നിയമിച്ചത്. മഹാരാഷ്ട്രയിലെ ബന്ദാരാ ഗോണ്ടിയ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയായിരുന്നു ഇദ്ദേഹം. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെയാണ് ഇദ്ദേഹം തോല്‍പ്പിച്ചത്.

ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയുടെ അടുത്ത അനുയായി ആയിരുന്ന നാന പട്ടോളെ 2018 ജനുവരിയിലാണ് ബിജെപിയില്‍ നിന്നും തെറ്റി പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണ പൊതു തെരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ മണ്ഡലത്തില്‍ നിതിന്‍ ഗഡ്കരിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാനാ പട്ടോളെ മല്‍സരിക്കുന്നുണ്ട്.

Exit mobile version