ശബരിമല കര്‍മ്മ സമിതി നാമജപ പ്രതിഷേധം ആരംഭിച്ചു; ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടും, കമ്മീഷന് ഇടപെടാന്‍ അവകാശമില്ല; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമോ.?

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് സജീവമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ബിജെപി പ്രചാരണം നടത്തുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതിനിടെയാണ് ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ശബരിമല വിഷയം ശക്തമായി ഉയര്‍ത്താനാണ് കര്‍മ്മ സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നാമ ജപ പ്രതിഷേധം നടത്തുകയാണ്.

അതേസമയം ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധത്തിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇതെന്ന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനവും ഉയരുന്നു. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തുന്ന അക്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം നടത്തുന്നത് എന്നാണ് കര്‍മ്മസമിതി പറയുന്നത്.

അതേസമയം സ്വാമി ചിതാനന്ദപുരി ശബരിമല കര്‍മ്മ സമിതിയുടെ പ്രതിഷേധത്തില്‍ അംഗമായിട്ടുണ്ട്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് എതിരെ നില്‍ക്കുന്ന ഇടത് സര്‍ക്കാരിനെ തോല്‍പ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല എന്‍ഡിഎ പ്രകടന പത്രികയിലെ അമ്പലങ്ങളെ സംരക്ഷിക്കണമെന്ന വാഗ്ദാനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എന്‍ഡിഎക്ക് വേണ്ടി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുക എന്ന് വിശ്വാസികള്‍ക്കിടയില്‍ ബോധം ഉണ്ടാക്കുക എന്ന പരോക്ഷമായ നിലപാടോടെയാണ് ശബരിമല കര്‍മ്മ സമിതി പ്രതിഷേധം നടത്തുന്നത്. പരോക്ഷമായി ബിജെപിക്ക് വോട്ട് നേടികൊടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രതിഷേധത്തിന് പിന്നില്‍ ഉള്ളത്. തങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതില്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ല എന്നും ശബരിമല കര്‍മ്മസമിതി പറയുന്നു. മാത്രമല്ല ശബരിമല വിഷയം ഇനിയും ഉയര്‍ത്തിക്കാട്ടും അതില്‍ കമ്മീഷന്‍ ഇടപെടാന്‍ പാടില്ല എന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Exit mobile version