തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരെ മാവോയിസ്റ്റ് ഭീഷണി, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ മാവോയിസ്റ്റ് തട്ടികൊണ്ടുപോകുമെന്ന് ഭീഷണി ഉള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുഷാറിന്റെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരവകുപ്പിനു നിര്‍ദേശം.

എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്നതും പ്രസക്തമാണ്. വയനാടിന്റെ ദേശീയപ്രാധാന്യവും മാവോയിസ്റ്റ് നീക്കത്തിനു പിന്നിലുണ്ട്. വൈത്തിരി വെടിവയ്പ്പിനു പകരം ചോദിക്കുമെന്നു മുന്നറിയിപ്പു നല്‍കിയ മാവോയിസ്റ്റുകള്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ മണ്ഡലത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും മണ്ഡലത്തില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു എന്നത് പോലീസിനെ ആശങ്കതയിലാഴ്ത്തുന്നു. അതിനു പുറമേയാണു തുഷാറിനു ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. വയനാട്ടില്‍ പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയുണ്ട്.

Exit mobile version