ഇനിയും ബിജെപി അധികാരത്തിലേറിയാല്‍ അതിന്റെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും: സുധാകര്‍ റെഡ്ഡി

നിലമ്പൂര്‍: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടറി വി സുധാകര റെഡ്ഡി പറഞ്ഞു. എല്‍ഡിഎഫ് നിലമ്പൂര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മോഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ മതനിരപേക്ഷസഖ്യത്തിന് നേതൃത്വം കൊടുക്കേണ്ടവരാണ്. എന്നാല്‍ ഇവര്‍ ഇടതുപക്ഷത്തിനെതിരേ വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും സുധാകര റെഡ്ഡി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പോരായ്മ നരേന്ദ്ര മോഡിക്കെതിരേ മഹാസഖ്യത്തിന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസിന് അതു പാലിക്കാന്‍ കഴിയാത്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബിഎസ്പി, എസ്പി കക്ഷികളുമായും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായും സഖ്യം രൂപവത്കരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരേ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ രാജ്യം ഒറ്റക്കെട്ടായി മത്സരിക്കേണ്ട സമയത്താണ്. സാമ്പത്തികനയത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണുള്ളതെന്നും കണക്കില്ലാത്ത കോടികളാണ് കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിലൂടെ ബിജെപിയുടെ അക്കൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Exit mobile version