കാര്‍ത്ത്യായനി അമ്മക്കും മറ്റ് പഠിതാക്കള്‍ക്കും ആശംസകളുമായി മുഖ്യമന്ത്രി ; സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി

തിരുവനന്തപുരം: തുല്യതാപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് അറിയിച്ചിരിക്കുന്നത്.

സാക്ഷരാ മിഷന്റെ പരീക്ഷയിലാണ് 96 വയസുകാരിയായ കാര്‍ത്തിയായനി അമ്മ 100 ല്‍ 98 മാര്‍ക്ക് നേടി ഒന്നാംറാങ്കുകാരിയായത്. കാര്‍ത്ത്യായനി അമ്മക്കും മറ്റ് പഠിതാക്കള്‍ക്കും മുഖ്യമന്ത്രി എല്ലാ ആശംസകളും നേര്‍ന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഒന്നാം റാങ്കിന്റെ തിളക്കവുമായി ഹരിപ്പാടുള്ള കാര്‍ത്ത്യായനിഅമ്മ ഇന്ന് സെക്രട്ടറിയേറ്റില്‍ വന്നിരുന്നു. സാക്ഷരതാമിഷന്റെ സാക്ഷരതാ പരീക്ഷയില്‍ 98 മാര്‍ക്കുമായാണ് 96 വയസുള്ള കാര്‍ത്ത്യായനിഅമ്മ റാങ്ക് നേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടന്ന ‘അക്ഷരലക്ഷം’ പദ്ധതി ആദ്യഘട്ട പരീക്ഷയില്‍ മൊത്തം 43,330 പേരാണ് പരീക്ഷയെഴുതിയത്.

കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ത്ത്യയാനി അമ്മക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊന്നാട അണിയിച്ചു. അവരുടെ ഇനിയുള്ള ലക്ഷ്യം പത്താംക്ലാസ് പാസാകലും കമ്പ്യൂട്ടര്‍ പഠനവും. കാര്‍ത്ത്യായനി അമ്മക്കും മറ്റ് പഠിതാക്കള്‍ക്കും എല്ലാ ആശംസകളും നേരുന്നു.’

Exit mobile version