ആദ്യത്തെ കണ്‍മണിയെ കണ്‍ നിറയെ കാണാന്‍ പറ്റിയില്ല സുധി യാത്രയായി കൈപിടിച്ച ഭാര്യയെ തനിച്ചാക്കി

കൊച്ചി: ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സുധി സലിലയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ആദ്യത്തെ കണ്‍മണിയെ ഒന്ന് താലോലിക്കാന്‍ സുധിക്കായില്ല. ഇവരുടെ സുന്ദരമായ ജീവിതത്തിലും വിധി തന്നെ വില്ലന്‍.

അപ്രതീക്ഷിതമായി സുധിയെ കാത്തിരുന്നത് മാനത്തൂരിലെ ആ അപകടമായിരുന്നു. ആറുമാസം പ്രായമായ കുഞ്ഞിനെ കാണാന്‍ സുധിയുടെ വരവ് കാത്തിരുന്നവള്‍ക്ക് മുന്നിലെത്തിയത് ചേതനയറ്റ ദേഹമായിരുന്നു. വിശ്വസിച്ച് കൂടെ ഇറങ്ങിവന്ന സലിലയെ സുധി തനിച്ചാക്കി മടങ്ങി. കണ്ടു നിന്നവര്‍ക്ക് പോലും ആ ദുഖം സഹിച്ചില്ല.
തൊടുപുഴ – പാലാ ഹൈവേയില്‍ മാനത്തൂര്‍ സ്‌കൂളിനു സമീപം നിയന്ത്രണം വിട്ട കാര്‍ കടയിലും മരത്തിലും ഇടിച്ചു മറിഞ്ഞ് 5 യുവാക്കളാണ് മരിച്ചത്. ഇവര്‍ സുഹൃത്തുക്കളാണ്. കടനാട് ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന്‍, കിഴക്കേക്കര വിഷ്ണുരാജ്, മലേപ്പറമ്പില്‍ എംപി ഉല്ലാസ്, അറയ്ക്കപ്പറമ്പില്‍ സുധി ജോര്‍ജ്, വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിന്‍സ് കെ ജോര്‍ജ് എന്നിവരാണു മരിച്ചത്.

തൊടുപുഴ ഭാഗത്തു നിന്നു പാലായിലേക്കു വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത കടയിലേക്കും ചേര്‍ന്നുള്ള വീട്ടിലേക്കും ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്നു സമീപത്തെ മരത്തിലിടിച്ച് ഉയര്‍ന്നു പൊങ്ങി തലകുത്തി മറിയുകയായിരുന്നു എന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിന്റെ മുന്‍ഭാഗം കത്തുകയും ചെയ്തു. കുറിഞ്ഞി ഭാഗം മുതല്‍ മറ്റൊരു വാഹനവുമായി കാര്‍ മല്‍സര ഓട്ടത്തിലായിരുന്നുവെന്നു പോലീസ് പറയുന്നു.

Exit mobile version