നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര താരം ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് വേണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ തീരുമാനമാകുന്നതുവരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയില്‍ താരത്തിനെതിരെ കുറ്റം ചുമത്തുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

കോടതിയില്‍ സമര്‍പ്പിച്ച നടിയെ ആക്രമിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തിട്ടുള്ളതാണെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. അതോടൊപ്പം കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളുള്‍പ്പെടെയുള്ള എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്.

Exit mobile version