ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് യാത്രയുമായി കെഎസ്ആര്‍ടിസി; അഭിനന്ദിച്ച് ഹൈക്കോടതി!

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ത്രിവേണിയില്‍നിന്ന് പമ്പ ബസ്സ്റ്റാന്‍ഡുവരെ സൗജന്യ മടക്കയാത്ര അനുവദിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഹൈക്കോടതി. ത്രിവേണിയില്‍ തീര്‍ത്ഥടകരുടെ തിരക്ക് ഒഴിവാക്കാന്‍ സൗജന്യ മടക്കയാത്ര അനുവദിക്കുന്നത് പരിഗണിക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി കോടതിയില്‍ നേരിട്ടെത്തിയാണ് സൗജന്യ മടക്കയാത്ര അനുവദിക്കുമെന്ന് അറിയിച്ചത്. നിലയ്ക്കല്‍- പമ്പ റൂട്ടില്‍ മിനിറ്റില്‍ ഒരു ബസ് എന്ന നിലയില്‍ സര്‍വീസ് നടത്തുമെന്നും കെഎസ്ആര്‍ടിസി വിശദീകരിച്ചു.

ശബരിമല മാസ്റ്റര്‍ പ്ലാന്‍പ്രകാരം ബേസ് ക്യാമ്പ് നിലയ്ക്കലിലാണെന്നും എല്ലാ സൗകര്യങ്ങളും നിലയ്ക്കലില്‍ ഒരുക്കിയതായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സംസ്ഥാനത്താകെ 1400 കെഎസ്ആര്‍ടിസി ബസുകള്‍ മണ്ഡല മകരവിളക്ക് കാലത്ത് പമ്പ സര്‍വീസ് നടത്തും. നിലയ്ക്കലില്‍മാത്രം 15,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.

900 ടോയ്ലറ്റുകള്‍ സജ്ജമാണ്. പ്രതിദിനം 65 ലക്ഷം ലിറ്റര്‍ വെള്ളവും ലഭ്യമാണ്. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും ദേവസ്വം ബോര്‍ഡ് ബോധിപ്പിച്ചു.

പ്രളയത്തിനുശേഷം പമ്പയിലും നിലയ്ക്കലിലും മതിയായ സൗകര്യങ്ങള്‍ ഇല്ലെന്നും ബസ് ചാര്‍ജ് അമിതമാണെന്നും സ്വകാര്യവാഹനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഏതാനും ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

Exit mobile version