എടപ്പാളില്‍ നാടോടി ബാലികയെ മര്‍ദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വെറും രണ്ട് ഇരുമ്പ് കഷ്ണങ്ങള്‍ അധികം പെറുക്കിയതിനാണ് ആ പിഞ്ചു ബാലിക ക്രൂര മര്‍ദ്ദനത്തിന് ഇരയായത്

എടപ്പാള്‍: എടപ്പാളില്‍ പതിനൊന്ന് വയസുകാരിയായ നാടോടി ബാലികയെ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

അതേ സമയം നാടോടി ബാലികയെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ കാരണം കേട്ടാല്‍ ആരുടേയും ഉള്ളൊന്ന് പൊള്ളും. വെറും രണ്ട് ഇരുമ്പ് കഷ്ണങ്ങള്‍ അധികം പെറുക്കിയതിനാണ് ആ പിഞ്ചു ബാലിക ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. എടപ്പാളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താമസിച്ചുവരുന്ന ആന്ധ്രയില്‍ നിന്നുള്ള കുടുംബമാണ് ഇവരുടേത്. ആക്രി സാധനം പെറുക്കി വിറ്റാണ് ഇവര്‍ ജിവിച്ചിരുന്നത്. കഴിഞ്ഞ ദിവസം എടപ്പാളിലെ കെട്ടിടത്തിന് സമീപത്താണ് പെണ്‍കുട്ടി ആക്രി പെറുക്കാനെത്തിയത്. ഇവിടെ നിന്നും രണ്ട് ഇരുമ്പ് കഷ്ണങ്ങള്‍ കൂടുതല്‍ പെറുക്കിയെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.

മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയെ പലവട്ടം സ്‌കൂളില്‍ ചേര്‍ക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചിരുന്നെങ്കിലും അത് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബത്തോടൊപ്പം ആക്രി പെറുക്കാന്‍ പോവുകയായിരുന്നു. നാടോടി ബാലിക ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം എടപ്പാള്‍ ഏരിയ കമ്മിറ്റി അറിയിച്ചു. എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സ: സി രാഘവന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും സ്‌ക്രാപ്പ് സാധനങ്ങള്‍ നിരന്തരമായി മോഷണം പോയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാവിലെ നാടോടി സ്ത്രീകള്‍ കെട്ടിടത്തില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഇതിനിടയില്‍ കുടെയുണ്ടായിരുന്ന കുട്ടി താഴെ വീണ് പരിക്കേല്‍ക്കുകയായിരുന്നു.

എന്നാല്‍ മാധ്യമങ്ങളും എടപ്പാള്‍ പെരുമ്പറമ്പില്‍ കുടുംബയോഗത്തില്‍ പങ്കെടുത്തിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഈ വിഷയം മാറ്റിമറിച്ചതെന്ന് സിപിഎം എടപ്പാള്‍ ഏരീയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം നേതാവിന്റെ ക്രൂരകൃത്യം എന്ന തലത്തില്‍ ചിത്രീകരിച്ചത് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ആയതിനാല്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version