സര്‍ക്കാര്‍ ഭൂമി കൈയ്യേറി ടെന്റുകള്‍ വെച്ച് രാത്രി ഡിജെ പാര്‍ട്ടിയും അനാശാസ്യവും; തീയിട്ട് നശിപ്പിച്ച് സബ് കളക്ടര്‍ രേണു രാജ്, ഉറച്ച നിലപാടിന് കൈയ്യടി

മലമുകളില്‍ സര്‍ക്കാര്‍ തരിശുഭൂമി കൈയ്യേറി ടെന്റുകള്‍ കെട്ടി രാത്രി കാലങ്ങളില്‍ ഡിജെ പാര്‍ട്ടിയും അനാശാസ്യ പ്രവര്‍ത്തനങ്ങളും തകൃതിയായി നടന്നിരുന്നു.

ഇടുക്കി: ദേവിക്കുളം സബ് കളക്ടര്‍ രേണു രാജിനെ നാമെല്ലാവര്‍ക്കും അറിയാം. ഉറച്ച നിലപാടുകള്‍ സ്വീകരിച്ച് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തികളില്‍ ഒരാളാണ് രേണു രാജ്. എന്നും നന്മയുടെയും സത്യത്തിന്റെയും പക്ഷം മാത്രം പിടിച്ച ധീരവനിത അങ്ങനെയാണ് രേണു രാജിനെ പലരും വിശേഷിപ്പിക്കുന്നത്. ഇപ്പോഴും രേണു വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്, അതും ഉറച്ച നിലപാട് സ്വീകരിച്ചതിനാല്‍ തന്നെ.

മലമുകളില്‍ സര്‍ക്കാര്‍ തരിശുഭൂമി കൈയ്യേറി ടെന്റുകള്‍ കെട്ടി രാത്രി കാലങ്ങളില്‍ ഡിജെ പാര്‍ട്ടിയും അനാശാസ്യ പ്രവര്‍ത്തനങ്ങളും തകൃതിയായി നടന്നിരുന്നു. ഇതിനെ കുറിച്ച് അധികൃതര്‍ക്ക് രഹസ്യ വിവരവും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളിവാസല്‍ കല്ലാറില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെ മലമുകളില്‍ മൂലേപ്പള്ളി എന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രം കണ്ടെത്തിയത്. ഇവിടെ എത്തുന്നവര്‍ക്ക് താമസിക്കാനായി രണ്ടു വലിയ താല്‍ക്കാലിക ഷെഡ്ഡുകളും വിദേശ നിര്‍മ്മിതമായ 8 ടെന്റുകളും സ്ഥാപിച്ചിരുന്നു.

സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് മദ്യവും ലഹരി മരുന്നുകളും വിതരണവും ചെയ്തിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങളും നടന്നിരുന്നതായി നാട്ടുകാരും പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അവയെല്ലാം തന്നെ നശിപ്പിച്ച് കളയാനും ഉത്തരവിട്ടു. സബ് കളക്ടറുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ റവന്യു സ്‌പെഷല്‍ ഇന്‍സ്‌പെക്ടര്‍ പികെ ഷെഫീക്കിന്റെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ ഇവിടെ ഉണ്ടായിരുന്ന ഷെഡ്ഡുകളും ടെന്റുകളും തീയിട്ട് നശിപ്പിച്ചു. ഉദ്യോഗസ്ഥരെ കണ്ട് ഇവിടെ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.

Exit mobile version