‘എടുത്തുചാടി ഒന്നിലേക്കും പോകുന്നില്ല; ആദ്യമായാണ് കളക്ടറാകുന്നത്’; രേണു രാജിൽ നിന്നും ആലപ്പുഴ ജില്ലാകളക്ടറായി ചുമതല ഏറ്റെടുത്ത് ശ്രീറാം വെങ്കിട്ടരാമൻ

ആലപ്പുഴ: ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ രേണു രാജ് ഐഎഎസിൽ നിന്നുമാണ് ശ്രീറാം വെങ്കിട്ടരമാൻ ചുമതല ഏറ്റെടുത്തത്. ആലപ്പുഴ കളക്ടർ മാത്രമല്ല ശ്രീറാമിന്റെ ഭാര്യയുമാണ് രേണു രാജ്.

സ്ഥാനമൊഴിഞ്ഞ രേണു രാജിന് എറണാകുളം ജില്ലാ കളക്ടറായാണ് പുതിയ നിയമനം. അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടറായി ചുമതല ഏൽപ്പിച്ചതിൽ പ്രതിഷേധം ഉയരുകയാണ്. ഇന്ന് ചുമതലയേൽക്കാൻ ആലപ്പുഴ കളക്ടറ്റേറ്റിലെത്തിയ അദ്ദേഹത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.

അതേസമയം, ആലപ്പുഴയെ കുറിച്ച് പഠിച്ചു വരികയാണ്. ഇടപെടേണ്ട മേഖലകളെ കുറിച്ച് പഠിച്ച് കൈകാര്യംചെയ്യും. എടുത്തുചാടി ഒന്നിലേക്കും പോകുന്നില്ല. പ്രത്യേകിച്ച് കാഴ്ചപ്പാടില്ല. ആദ്യമായിട്ടാണ് കളക്ടറാകുന്നത്-എന്നാണ് ചുമതലയേറ്റ ശേഷം ശ്രീറാം പ്രതികരിച്ചത്. പ്രതിഷേധങ്ങളേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ശ്രീറാമിനെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിൽ ആലപ്പുഴ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്സ് പൂട്ടിയിരുന്നു. മറ്റു 13 ജില്ലകളിലെയും കളക്ടർമാരുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടുകളുടെ കമന്റ് ബോക്സുകളും ലഭ്യമാണ്.

Exit mobile version