വൈദ്യുതി പോലുമില്ലാത്ത ഇടിഞ്ഞു വീഴാറായ വീട്ടില്‍ നിന്ന് ഐഎഎസ് തിളക്കം, ശ്രീധന്യ ഡല്‍ഹിയിലെത്തിയത് 40000 രൂപ കടംവാങ്ങി

വയനാട്: 410ാം റാങ്കിലൂടെ, സിവില്‍ സര്‍വീസ് പട്ടികയിലെത്തിയ ആദിവാസി യുവതിയാണ് ശ്രീധന്യ. വിജയത്തിന്റെ മധുരം നുണയുമ്പോഴും ആ മുഖത്ത് കഷ്ടപ്പാടിന്റെ കയ്പ്പും കാണാം. പത്രം വാങ്ങാന്‍ പോലും ശ്രീധന്യയുടെ വീട്ടില്‍ പണമില്ലായിരുന്നു. അച്ഛന്‍ കൂലിപണിക്കാരനാണ്. കൂട്ടുകാരുടെ കൈയ്യില്‍ നിന്നും 40,000 രൂപ കടം വാങ്ങിയാണ് ശ്രീധന്യ ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. ഐഎഎസ് ഉറപ്പാക്കാനായാല്‍ വയനാട് ജില്ലയില്‍നിന്നുള്ള ആദ്യ വ്യക്തിയായേക്കും ശ്രീധന്യ.

അത്രയധികം ദാരിദ്ര്യത്തിന്റെ കയ്പ് നീരറിഞ്ഞാണ് വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യയ്ക്ക് വിജയം കയ്യിലൊതുങ്ങുന്നത്. ശ്രീധന്യ സുരേഷ് എന്ന 26കാരിയുടെ ജയം കേരളം എന്നും ഓര്‍ക്കാനുള്ള കാരണവും ഇതുതന്നെ. രണ്ടാമത്തെ തവണ നടത്തിയ തന്റെ പരിശ്രമമാണ് വിജയം കണ്ടത് എന്നാണ് ശ്രീധന്യ പറയുന്നത്.

വയറിങ് പോലും നടക്കാത്ത ഇടിഞ്ഞു വീഴാറായ വീട്ടില്‍ നിന്നാണ് ശ്രീധന്യ ജയിച്ച് മുന്നേറിയത്. ഡല്‍ഹിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ശ്രീധന്യ കൈയ്ക്കു ഷോക്കേറ്റു തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകൈ
യ്യില്‍ ബാന്‍ഡേജുമായാണു ശ്രീധന്യ കൂട്ടുകാരുമായി തിരുവനന്തപുരത്തു വിജയമധുരം പങ്കിട്ടത്. മുന്‍വര്‍ഷങ്ങളിലെ സിവില്‍ സര്‍വീസ് നിയമന രീതി അനുസരിച്ച് പട്ടികവര്‍ഗ വിഭാഗത്തില്‍ 410ാം റാങ്കിനും ഐഎഎസ് കിട്ടാനാണു സാധ്യത.

Exit mobile version