രാഹുല്‍ വയനാട്ടില്‍ വരുന്നത് അമേഠിയില്‍ തോല്‍വി ഉറപ്പായതോടെ, വയനാട്ടുകാര്‍ അത് തിരിച്ചറിയണം; സ്മൃതി ഇറാനി

കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ അമേഠിയില്‍ ഒന്നും ചെയ്തില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ അമേഠിയില്‍ ഒന്നും ചെയ്തില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. കൂടാതെ അമേഠിയില്‍ തോല്‍വി ഉറപ്പായത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരുന്നതെന്നും വയനാട്ടുകാര്‍ അത് തിരിച്ചറിയണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രിയോടെയാണ് രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തിയത്. ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ അല്‍പ്പ സമയത്തിനുള്ളില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവേശത്തിലാണ്.

അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ ബിജെപിയുടെ ദേശീയ നേതാക്കള്‍ വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുവേണ്ടി പ്രചാരണത്തിന് എത്തുമെന്നാണ് സൂചന. ഏപ്രില്‍ 9നാണ് സ്മൃതി ഇറാനി കേന്ദ്ര മന്ത്രി ആര്‍കെ സിംഗിനൊപ്പം വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുക.

Exit mobile version