വെട്ടിലായി കോണ്‍ഗ്രസ്: സ്റ്റിംങ് ഓപ്പറേഷനില്‍ കുടുങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി; അഞ്ച്‌കോടി കോഴ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: സ്റ്റിംങ് ഓപ്പറേഷനില്‍ കുടുങ്ങി കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി. സിറ്റിംഗ് എംപിയായ എംകെ രാഘവന്‍ കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ ചാനല്‍ പുറത്തുവിട്ടു. ടിവി 9 ചാനലാണ് എംകെ രാഘവന്‍ 5 കോടി കോഴ ആവശ്യപ്പെടുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മാര്‍ച്ച് മാസം 10 നാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടന്നത്. ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്റ്റിങ് ഓപ്പറേഷന് പിന്നാലെയാണ് ടിവി 9 ചാനല്‍ കേരളത്തിലും ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. ഉമേഷ് പാട്ടീല്‍,കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവരടങ്ങിയ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഓപ്പറേഷന്‍ ഭാരത് വര്‍ഷ് എന്ന് പേരിട്ട ടിവി 9 ചാനലിന്റെ അന്വേഷണാത്മക സ്റ്റിങ് ഓപ്പറേഷനിലാണ് എംകെ രാഘവന്‍ കുടുങ്ങിയത്.

കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിനായി സ്ഥലം ഏറ്റെടുത്ത് നല്‍കാനാണ് കോഴ ആവശ്യപ്പെടുന്നത്. തന്നെ സമീപിച്ചവരോട് സ്ഥലമേറ്റെടുത്ത് നല്‍കാമെന്നും ഇതിന് പണം വേണമെന്നും രാഘവന്‍ പറയുന്നു. തിരഞ്ഞടുപ്പ് ചിലവിനായി 20 കോടി വേണ്ടിവരുമെന്നും രാഘവന്‍ പറയുന്നുണ്ട്. തനിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 20 കോടി രൂപവരെ ചെലവായിട്ടുണ്ടെന്നും എംകെ രാഘവന്‍ റിപ്പോര്‍ട്ടറോട് പറയുന്നു. ഈ പണം കറന്‍സി ആയിട്ടാണ് വാങ്ങുകയും ചെലവാക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

ഡമ്മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനും പ്രചാരണത്തിനിറങ്ങുന്ന അണികള്‍ക്ക് മദ്യം വാങ്ങുന്നതിനുമെല്ലാം ലക്ഷക്കണക്കിനു രൂപ ചെലവാകാറുണ്ടെന്നും എം കെ രാഘവന്‍ പറയുന്നതായും ദൃശ്യങ്ങളിലുണ്ട്. പാര്‍ട്ടി 2 കോടി രൂപ മുതല്‍ അഞ്ചുകോടിരൂപ വരെ നല്‍കാറുണ്ടെന്നും അതും കണക്കില്‍പ്പെടാതെ കറന്‍സിയായാണ് നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.

കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ആളായെത്തിയ റിപ്പോര്‍ട്ടര്‍ നല്‍കാമെന്നേറ്റ കോഴപ്പണവും കറന്‍സിയായിത്തന്നെ വേണമെന്നും അതിനായി തന്റെ സെക്രട്ടറിയെ വിളിച്ചാല്‍ മതിയെന്നും എംകെ രാഘവന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

മാര്‍ച്ച് പത്തിനാണ് സംഘം എംപിയെ സമീപിച്ചിരിക്കുന്നത്. സിങ്കപ്പൂരിലുള്ള ഒരു കമ്ബനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് സംഘം എംപിയെ സമീപിച്ചത്. കമ്മീഷന്‍ ആയി 5 കോടി രൂപ തെരഞ്ഞെടുപ്പു ഫണ്ടിലേയ്ക്ക് നല്‍കാമെന്നും സംഘം പറയുന്നു.

തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തെരഞ്ഞെടുപ്പിന് ഹോഡിങ്ങ്സ്, ഫ്ളക്സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എംപി പറയുന്നുണ്ട്.

കോഴിക്കോടുള്ള സ്വവസതിയില്‍ വെച്ചാണ് രാഘവന്‍ കോഴ ആവശ്യപ്പെട്ടത്. പണം നല്‍കുന്ന കാര്യം ഡല്‍ഹിയിലെ സെക്രട്ടറിയുമായി സംസാരിക്കാനും രാഘവന്‍ തന്നെ സമീപിച്ചവരോട് വ്യക്തമാക്കുന്നുണ്ട്.

കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാനാണെന്നും എംപി സൂചിപ്പിക്കുന്നു. എത്ര ആളുകള്‍ റാലിയില്‍ ഉണ്ടാകുമെന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍ അത് സ്ഥലങ്ങള്‍ക്ക് അനുസരിച്ചിരിക്കുമെന്നും എംകെ രാഘവന്‍ പറയുന്നുണ്ട്.

Exit mobile version