ഒളിക്യാമറ വിവാദം; എംകെ രാഘവന് ഇന്ന് നിര്‍ണ്ണായക ദിനം

എംകെ രാഘവന്റെ വാദം തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പ്രാഥമിക അന്വേഷണം നടത്തിയ കണ്ണൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ചിട്ടുള്ളത്

തിരുവനന്തപുരം: ഒളിക്യാമറ വിവാദത്തില്‍ കുടുങ്ങിയ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് ഇന്ന് നിര്‍ണ്ണായക ദിനം. ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്ന് കൈമാറിയേക്കും.

കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട് ഡിജിപി, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടിയത്. ഒളിക്യാമറ ഓപ്പറേഷന്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് എം കെ രാഘവന്റെ വാദം. കൂടാതെ സമയമാകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം എംകെ രാഘവന്റെ വാദം തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പ്രാഥമിക അന്വേഷണം നടത്തിയ കണ്ണൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഒളിക്യാമറ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്ത സ്വകാര്യ ചാനലില്‍ നിന്നും പിടിച്ചെടുത്ത എല്ലാ ദൃശ്യങ്ങളും പരിശോധിച്ചുവെന്ന് പോലീസ് പറയുന്നു. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഹിന്ദി ചാനല്‍ പുറത്തുവിട്ടത്.

Exit mobile version