എംകെ രാഘവനെതിരായ കോഴ വിവാദം; ടിവി ചാനലില്‍ നിന്ന് അന്വേഷണ സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചു

ശേഖരിച്ച ദൃശ്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

കോഴിക്കോട്: എംകെ രാഘവന്‍ എംപിക്കെതിരായ കോഴ വിവാദത്തില്‍ അന്വേഷണ സംഘം ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചു. ടിവി 9 ഭാരത് വര്‍ഷന്റെ സ്റ്റിങ് ഓപ്പറേഷനലിലാണ് എംകെ രാഘവന്‍ കുടുങ്ങിയത്. ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത്. ശേഖരിച്ച ദൃശ്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. വാര്‍ത്താ വിഭാഗം മേധാവിയുടേത് അടക്കം അഞ്ച് പേരുടെ മൊഴിയും സംഘം ശേഖരിച്ചിട്ടുണ്ട്. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തെത്തുടര്‍ന്ന് അന്വേഷണം എത്രയും പെട്ടന്ന് തീര്‍ക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് അന്വേഷണം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം എംകെ രാഘവനെയും പ്രൈവറ്റ് സെക്രട്ടറി ശ്രീകാന്തിനെയും ചേംബറില്‍ വിളിച്ച് വരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ മൊഴിയെടുത്തിരുന്നു. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. വിവാദം സംബന്ധിച്ച് കളക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പര്യാപ്തമല്ലെന്ന് കണ്ടാണ് വിശദമായ അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒളിക്യാമറ ദൃശ്യങ്ങളില്‍ രാഘവന്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചാണ് ജില്ലാവരണാധികാരി കൂടിയായ കളക്ടര്‍ ചോദ്യങ്ങളുന്നയിച്ചത്. വോട്ടര്‍മാര്‍ക്ക് മദ്യം നല്‍കി, തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 20 കോടി രൂപ വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് രാഘവന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും, ദൃശ്യങ്ങള്‍ വ്യാജമാണെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എംകെ രാഘവന്‍.

ടിവി 9 ഭാരത് വര്‍ഷ ചാനലാണ് എംകെ രാഘവന്‍ എംപി കോഴിക്കോട് നഗരത്തില്‍ ഹോട്ടല്‍ പണിയാന്‍ എത്തിയവരില്‍ നിന്ന് അഞ്ച് കോടി രൂപ ഇടനില കമ്മീഷനായി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കാമെന്ന വാഗ്ദാനം സ്വീകരിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. അഞ്ച് കോടി രൂപ ഓഫീസില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്ന ഒളിക്യാമറ ദൃശ്യങ്ങളിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പണം സ്വീകരിച്ചിട്ടില്ലെന്നാണ് ശ്രീകാന്ത് വ്യക്തമാക്കിയത്. നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും എംകെ രാഘവനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

Exit mobile version