യുഡിഎഫിന് തിരിച്ചടി: ഒളിക്യാമറാ വിവാദത്തില്‍ എംകെ രാഘവനെതിരെ കേസെടുത്തു

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരെ പോലീസ് കേസെടുത്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. ഒളിക്യാമറ വിവാദം വിശദമായി അന്വേഷിക്കണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തുടര്‍ നടപടികളിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട് തേടിയത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഒളികാമറ ദൃശ്യത്തിന്റെ എഡിറ്റ് ചെയ്യാത്ത യഥാര്‍ഥ ടേപ്പ് ഫോന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍
ക്രൈം കേസ് വേണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ടിവി 9 ഭാരത് വിഷന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് എംകെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മദ്യം ഒഴുക്കിയതായി രഘവന്‍ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.

രാഘവന്റെ നടപടി പെരുമാറ്റചട്ട ലംഘനമാണെന്നും കോഴ ആവശ്യപ്പെട്ടതില്‍ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഇടത് മുന്നണി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ പരാതികളിലാണ് അന്വേഷണം നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്.

കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ രാഘവന്റെ മൊഴിയും, ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ചാനല്‍ പ്രതിനിധികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആരോപണം കെട്ടിച്ചമച്ചതെന്ന നിലപാട് മൊഴിയില്‍ രാഘവന്‍ ആവര്‍ത്തിച്ചപ്പോള്‍ വാര്‍ത്തയില്‍ വാസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നാണ് ചാനല്‍ മേധാവിയുടെയും റിപോര്‍ട്ടര്‍മാരുടെയും മൊഴി.

ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും എഡിറ്റ് ചെയ്ത വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നതെന്നും വീഡിയോയിലെ ശബ്ദത്തിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എംകെ രാഘവന്‍.

അന്വേഷണത്തിന്റെ തുടര്‍ഘട്ടത്തില്‍ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോഴുള്ള നീക്കം യുഡിഎഫ് ക്യാംപിന് ക്ഷീണമാണ്. കെട്ടിചമച്ച ആരോപണമെന്ന വാദമാണ് രാഘവന്‍ ആവര്‍ത്തിക്കുന്നത്.

Exit mobile version