ആളുകളെ ഭയപ്പെടുത്തി കാതടിപ്പിക്കുന്ന ശബ്ദവും അമിതവേഗത്തില്‍ ചീറിപ്പായലും; കൊച്ചിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് ന്യൂജന്‍ ബൈക്കും ബൈക്കറേയും പോലീസ് കസ്റ്റഡിയിലെടുത്തു!

ആലുവ: ആളുകളെ ഭീതിപ്പെടുത്തി റോഡില്‍ അമിതവേഗത്തില്‍ ചീറിപ്പാഞ്ഞ ഫ്രീക്കനെ പോലീസ് ഒടുവില്‍ പിടികൂടി. അമിത വേഗവും കാതടപ്പിക്കുന്ന ശബ്ദവുമായി അപകടകരമായ വിധത്തില്‍ ബൈക്കില്‍ പറപറന്ന കൊച്ചി പച്ചാളം പ്യാരി മന്‍സിലില്‍ നഹാസ് ജാനെ (28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍ സ്‌പോര്‍ട്‌സ് ബൈക്ക് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ പിന്ീട് ജാമ്യത്തില്‍ വിട്ടയച്ചു. 14 ലക്ഷം രൂപ വിലയുള്ള ബൈക്ക് 150 കിലോമീറ്റര്‍ വേഗത്തിലാണ് വന്നതെന്നു ട്രാഫിക് എസ്‌ഐ ജി പയസ് പറഞ്ഞു.

അനുവദിനീയ വേഗം പരമാവധി 70 കിലോമീറ്ററാണ്. എറണാകുളം ഭാഗത്തു നിന്നു വന്ന ബൈക്ക് ദേശീയപാതയിലെ പുളിഞ്ചോട് കവലയിലാണ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നു തൊട്ടടുത്ത ബൈപാസ് കവലയില്‍ റോഡ് ‘ബ്ലോക്ക്’ ചെയ്തു ബൈക്ക് ഓടിച്ച നഹാസിനെ പോലീസ് പിടിക്കുകയായിരുന്നു. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

കോടതി നിശ്ചയിക്കുന്ന തുകയ്ക്കുള്ള ബോണ്ട് നല്‍കിയാലേ ബൈക്ക് വിട്ടുകിട്ടൂ എന്നു പോലീസ് പറഞ്ഞു. ബൈക്ക് കസ്റ്റഡിയില്‍ എടുത്തതു കണ്ടു പിന്നില്‍ സഞ്ചരിച്ചിരുന്ന ഒട്ടേറെ ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി ഇയാള്‍ക്കെതിരെ പരാതിപ്പെട്ടെന്നും പോലീസ് പറഞ്ഞു. സിപിഒമാരായ പ്രശാന്ത്, മഹിന്‍ഷ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Exit mobile version