രാജ്യത്തെ ആദ്യത്തെ പോലീസ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കേരള പോലീസിന് സ്വന്തം

മുഖ്യമന്ത്രി പിണറായി വിജയനാണ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്

തിരുവനന്തപുരം: ‘ജാവലിന്‍’ എന്ന പേരില്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ പോലീസ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കേരള പോലീസ് സ്വന്തമാക്കി. കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്.

മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിച്ചന്‍, ഡൈനിങ് ഹാള്‍, റിക്രിയേഷന്‍ ഹാള്‍, താമസിക്കുവാനുള്ള മുറികള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമുച്ചയമാണ് ഇതിനായി പണികഴിപ്പിച്ചതെന്നും പോലീസ് വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ എന്ന നിലയില്‍  ഇന്ത്യയിലെ തന്നെ പോലീസില്‍ ആദ്യത്തെ സംരംഭമാണിതെന്നും കേരള പോലീസ് പറയുന്നു.

കേരള പോലീസിന്റെ കായിക മികവിന് പുത്തന്‍ ഉണര്‍വേകുന്ന ചുവടുവയ്പ്പാണ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ എന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘രാജ്യത്തെ ആദ്യത്തെ പോലീസ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കേരള പോലീസിന് സ്വന്തം

രാജ്യത്തിന്റെ കായികമേഖലയിലേക്ക് പ്രതിഭാധനരായ കായിക താരങ്ങളെ സംഭാവന ചെയ്യാന്‍ കേരളപൊലീസിന് സാധിച്ചിട്ടുണ്ട്. പോലീസിന്റെ കായികരംഗത്തെ പ്രതാപകാലമായ 1984-1990 കാലഘട്ടത്തിലാണ് വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്.

വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, അത്ലറ്റിക്‌സ്, നീന്തല്‍, ഫുട്‌ബോള്‍ എന്നീ ഇനങ്ങളില്‍ എല്ലാം തന്നെ കരുത്തുറ്റ ടീം കേരള പോലീസിന് സ്വന്തമായിരുന്നു. ഓള്‍ ഇന്ത്യ പോലീസ് മീറ്റ്, ദേശീയ ടൂര്‍ണമെന്റുകള്‍ എന്നിവയിലൊക്കെ പോലീസ് ടീമുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കേരള പോലീസിലെ ഓരോ ടീമിലേയും ഒന്നോരണ്ടോ അംഗങ്ങള്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്നവര്‍ ആയിരുന്നു. ഈ കാലയളവില്‍ ഏകദേശം 173 കായികതാരങ്ങളെയാണ് സ്‌പോര്‍ട്‌സ് ക്വാട്ട മുഖേന വകുപ്പിലേക്ക് നിയമിച്ചത്. പല കാരണങ്ങള്‍ കൊണ്ടും പിന്നീട് ഒരു ദശകത്തിലധികം കാലം ഇത്തരത്തില്‍ സ്‌പോര്‍ട്‌സ് ക്വാട്ട മുഖേനയുള്ള നിയമനം നടന്നിട്ടില്ല.

2009-ല്‍ വീണ്ടും പുതിയ പോളിസി നിലവില്‍ വന്നതോടെ 24 പേരെ നിയമിക്കുകയുണ്ടായി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ടീമുകളെ ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി തുടര്‍ച്ചയായി നിയമനം നടത്തിവരുന്നു. 1984-90 കാലഘട്ടത്തില്‍ 5 ടീമുകളാണ് കേരളപോലീസീന് ഉണ്ടായിരുന്നത്. ഇപ്പോള്‍ ജൂഡോ, ഹാന്‍ഡ്ബാള്‍, റെസ്ലിംഗ് , ഷൂട്ടിംഗ് എന്നിവകൂടി ഉള്‍പ്പെടുത്തി കേരള പോലീസ് സ്‌പോര്‍ട്‌സ് ടീമുകളെ വിപുലീകരിച്ചിട്ടുണ്ട്.

കായികതാരങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ് എന്നതിനാല്‍ പ്രത്യേക സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനിക്കുകയും ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കിച്ചന്‍,ഡൈനിങ് ഹാള്‍, റിക്രിയേഷന്‍ ഹാള്‍, താമസിക്കുവാനുള്ള മുറികള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമുച്ചയമാണ് ഇതിനായി പണികഴിപ്പിച്ചത്.

പോലീസ് വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ എന്ന നിലയില്‍ ഇത് ഇന്ത്യയിലെ തന്നെ പോലീസില്‍ ആദ്യത്തെ സംരംഭമാണ്. കേരളപോലീസിന്റെ കായിക മികവിന് പുത്തന്‍ ഉണര്‍വേകുന്ന ചുവടുവയ്പ്പാണ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍.

തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിനുസമീപം ‘ജാവലിന്‍’ എന്ന പേരില്‍ ആരംഭിച്ച പോലീസ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.’

 

Exit mobile version