അനിശ്ചിതത്വം നീങ്ങി; വയനാട്ടില്‍ രാഹുല്‍ തന്നെ

എകെ ആന്റണിയാണ് വാര്‍ത്താ സമ്മേളകനത്തിലൂടെ അറിയിച്ചത്.

ന്യൂഡല്‍ഹി: ഏറെ നാള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കും. എകെ ആന്റണിയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഏറെ നാള്‍ നീണ്ട് നിന്ന ഒരു ചോദ്യമായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്നത്. ആ ചോദ്യങ്ങള്‍ക്കും മറ്റുമാണ് ഇന്ന് ഉത്തരമായത്.

ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാലയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എകെആന്റണി തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രഖ്യാപനം എത്തിയതിനു പിന്നാലെ അണികളും നേതാക്കളും ആവേശത്തിരയിലായി. ആര്‍ത്തുവിളിച്ചാണ് നേതാക്കളും മറ്റും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വരവേല്‍ക്കുന്നത്. നേരത്തെ വയനാട്ടില്‍ ടി സിദ്ധീക്കിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാഹുലിന് വേണ്ടി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് അദ്ദേഹം മാറിയിരുന്നു. ഇതോടെ രാഹുലിന് വേണ്ടി കച്ചമുറുക്കുകയായിരുന്നു സംസ്ഥാന നേതാക്കള്‍. രാഹുലിന്റെ പ്രതികരണത്തിന് വേണ്ടിയാണ് നാളിത്രയും ശ്രദ്ധ കൊടുത്തുകൊണ്ടിരുന്നത്.

അനിശ്ചിതതത്വം നിലനിന്നതോടെ വയനാട്ടിലെ പ്രചാരണവും അണികള്‍ നിര്‍ത്തിവെച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി എത്തിയിരുന്നു. വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇനി രാഹുലിന് വേണ്ടി കച്ചമുറുക്കി കളത്തിലിറങ്ങാന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് അണികളും. ഇത്തവണ വയനാട്ടില്‍ തീപാറും പോരാട്ടം തന്നെയായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Exit mobile version