കാത്തിരുന്ന് മടുത്ത് ഭാഗ്യദേവത! ‘കാരുണ്യം’ ചൊരിഞ്ഞിട്ടും 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ ഇനിയും കണ്ടെത്താനായില്ല

ചിറ്റാര്‍: ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റു പോയെന്ന് ഉറപ്പാണ്. എന്നാല്‍ ഭാഗ്യശാലി ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. കാത്തിരുന്ന് ഭാഗ്യദേവതയ്ക്കും മടുത്തിരിക്കുകയാണ്. കേരള ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുപ്പ് നടന്ന ‘കാരുണ്യ’ യുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിയെ തേടുകയാണ് വില്‍പന നടത്തിയ ഏജന്‍സി. 80 ലക്ഷം സമ്മാനമുള്ള ‘കെബി 114954’ നമ്പര്‍ ഭാഗ്യക്കുറി വിറ്റത് ചിറ്റാര്‍ ജംക്ഷനിലെ റെഡ് ചില്ലീസ് ലക്കി സെന്റര്‍ ആണ്.

ഇന്നലെ വൈകിട്ട് പത്തനംതിട്ട ലോട്ടറി ഓഫീസില്‍ നിന്ന് വിവരം അറിഞ്ഞതു മുതല്‍ അന്വേഷണത്തിലാണ്. കൂട്ടമായി ടിക്കറ്റ് വാങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആരെങ്കിലുമാകാം കാണാമറയത്തെ ഭാഗ്യശാലിയെന്നാണ് കരുതുന്നത്. സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവരെയെല്ലാം തെരഞ്ഞുപിടിച്ച് വിവരം തിരക്കിവരികയാണ്. നേരിട്ട് വില്‍പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ആദ്യമായാണ് ഇവിടെ നിന്നു വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത്. ഇതിന് മുമ്പ് വലിയ തുക ലഭിച്ചത് അക്ഷയ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനമാണ്. കഴിഞ്ഞ നവംബറില്‍. സിപിഎം ചിറ്റാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഇപ്പോള്‍ പെരുനാട് ഏരിയ കമ്മിറ്റി അംഗവുമായ പിബി ബിജുവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷെഫീഖും ചേര്‍ന്ന് 9 മാസം മുന്‍പാണ് ഈ ലക്കി സെന്റര്‍ ആരംഭിച്ചത്. ബിജുവാണ് ലൈസന്‍സി.

Exit mobile version