നോട്ട് എഴുതി നല്‍കാന്‍ തയ്യാറായില്ല; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചു; കര്‍ണപുടം തകര്‍ന്ന് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കളമശേരി: നോട്ട് എഴുതി നല്‍കാത്തതിന് സഹപാഠിയെ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊച്ചി സര്‍വ്വകലാശാല കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ടിഎം അനന്ത കൃഷ്ണനാ (19)ണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ അനന്തകൃഷ്ണന്റെ ശരീരത്ത് പരിക്കേല്‍ക്കുകയും കര്‍ണപുടം പൊട്ടുകയും ചെയ്തു.അനന്തകൃഷ്ണനെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹപാഠികളില്‍ നിന്ന് അനന്തകൃഷ്ണനു ഭീഷണിയുണ്ടായിരുന്നതായി പിതാവ് ടിഎന്‍ മധു പറഞ്ഞു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കലോത്സവ ദിവസം കൈകാര്യം ചെയ്യുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

കോളേജ് ഹോസ്റ്റലിലാണ് ആക്രമണം നടന്നത്. അനന്തകൃഷ്ണന്റെ ഹോസ്റ്റല്‍ മുറിയിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ യതി പ്രദീപ്, മുഹമ്മദ് ഭാസി, മഖ്ബൂര്‍, വിനീത്,കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് അനന്തകൃഷ്ണനെ മര്‍ദ്ദിച്ചതെന്നു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version