‘ഈഴവ സഹോദരനായ കെ സുരേന്ദ്രന്‍ നായര്‍ സ്വാധീനമുള്ള പത്തനംതിട്ടയില്‍ മത്സരിക്കുന്നത് ഹിന്ദു ഐക്യത്തിന്റെ ലക്ഷണം’; ജാതി പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍; എജ്ജാതി ഹിന്ദുഐക്യമെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക അനിശ്ചിതമായി വൈകുന്നതിനിടെ കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ പിന്തുണ പ്രഖ്യാപിച്ച് അയ്യപ്പ ധര്‍മ്മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. പത്തനംതിട്ടയ്ക്കായി കെ സുരേന്ദ്രനും ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും പിടിവലി തുടരുന്നതിനിടെയാണ് ജാതി വിളിച്ചു പറഞ്ഞ് സ്വയം പരിഹാസ്യനായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരോ രോഷം പുകയുകയാണ്. കമന്റ് ബോക്‌സ് രാഹുല്‍ ഈശ്വറിനുള്ള ട്രോള്‍ പേജായി മാറുകയും ചെയ്തു.

ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന കെ സുരേന്ദ്രന്‍ നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണമാണ് എന്നാണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ഈ വിവാദപരാമര്‍ശത്തെ എടുത്തിട്ട് വിമര്‍ശിക്കുന്ന സോഷ്യല്‍മീഡിയ എജ്ജാതി ഹിന്ദു ഐക്യമെന്ന് പരിഹസിക്കുന്നു. പത്തനംതിട്ട എന്നത് എല്ലാ മതസ്ഥരും ഉള്ള ഒരു ജില്ല ആണെന്നും അല്ലാണ്ട് നായര്‍ ജില്ല അല്ലെന്നും രാഹുലിനെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ, ഇത്രയേറെ വിദ്യാഭ്യാസം നേടിയ താങ്കളുടെ ജാതി പറച്ചില്‍ അപകടരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.

രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശബരിമല പോരാട്ടങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് ശ്രീ കെ സുരേന്ദ്രന്‍

പ്രയാര്‍ സാറും ശ്രീ അജയ് തറയിലും അടക്കം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ശക്തമായി ശബരിമലയെ പിന്തുണച്ചിരുന്നു..

ആദ്യമുണ്ടായിരുന്നതില്‍ വിഭിന്നമായി , സംഘ പ്രസ്ഥാനങ്ങളും ബിജെപിയും full swing ആയി പോരാട്ടത്തിന് ഇറങ്ങി. അതില്‍ ശ്രീ കെ സുരേന്ദ്രന്‍ ഊര്‍ജ്ജസ്വലമായ ഒരു പങ്കുവഹിച്ചു.
നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ് . ചില കാഴ്ചപ്പാടുകളില്‍ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്

Exit mobile version