കെവിന്‍ വധക്കേസ്: കുറ്റപത്രം കോടതി അംഗീകരിച്ചു; 14 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

കോട്ടയം: കെവിന്‍ വധക്കേസില്‍ 14 പ്രതികള്‍ക്കുമെതിരെ കോടതി കൊലക്കുറ്റം ചുമത്തി. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതി അംഗീകരിക്കുകയായിരുന്നു. വാദം കേള്‍ക്കാതെ കൊലക്കുറ്റം ചുമത്തരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. മുക്കിക്കൊലയല്ല മുങ്ങിമരണമാണെന്ന പ്രതിഭാഗം വാദവും അംഗീകരിച്ചില്ല. കേസ് വീണ്ടും 20നു പരിഗണിക്കും. വിചാരണ എന്നാരംഭിക്കണമെന്നത് അന്നു തീരുമാനിക്കും.

ഇരുവിഭാഗങ്ങളുടെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണു കുറ്റപത്രം നല്‍കിയത്. കുറ്റപത്രം വിശദമായി വായിച്ച ശേഷം കുറ്റങ്ങള്‍ അംഗീകരിക്കുന്നുവോ എന്ന ചോദ്യത്തിന് ഇല്ലെന്നു പ്രതിഭാഗം മറുപടി നല്‍കി. കുറ്റപത്രം അംഗീകരിച്ചതോടെ പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കോടതിക്കു ബോധ്യമായെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കെവിന്‍ വധം ദുരഭിമാന കൊലപാതകമാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് തട്ടിക്കൊണ്ടുപോയതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

തെന്മല സ്വദേശിനിയായ നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ നീനുവിന്റെ സഹോദരന്‍ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്.

Exit mobile version