ശബരിമല ഒരുക്കങ്ങള്‍, ചര്‍ച്ച..! മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ പങ്കെടുത്തില്ല

തിരുവനന്തപുരം: ശബരിമല സീസണിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ശബരിമലയില്‍ വേണ്ട ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ക്രമീകരണങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനുമായിരുന്നു യോഗം. എന്നാല്‍ യോഗത്തിന് മന്ത്രിമാര്‍ ആരും എത്തിയില്ല.

സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തിനെത്തുന്നത് എന്നാണ് വിവരം. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കില്ല. ചീഫ് സെക്രട്ടറി ടോം ജോസും യോഗത്തിനെത്തില്ലെന്നാണ് വിവരം.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ മന്ത്രിമാരെയാണ് യോഗത്തിനു ക്ഷണിച്ചിരുന്നത്. കൂടുതല്‍ ഭക്തരെത്തുന്ന ഇതര സംസ്ഥാനങ്ങളെന്ന നിലയില്‍ ശബരിമല മണ്ഡലകാലത്തിനു മുമ്പുള്ള പതിവു യോഗമാണെങ്കിലും യുവതി പ്രവേശനമടക്കം കലുക്ഷിതമായ അന്തരീക്ഷത്തില്‍ യോഗത്തിനു പ്രത്യേകം പ്രാധാന്യമുണ്ടെന്നായിരുന്നു വിലയിരുത്തല്‍. ആന്ധ്രയില്‍ നിന്നുള്ള മാധവിയെന്ന ഭക്ത തുലാമാസ പൂജ സമയത്ത് ദര്‍ശനത്തിനെത്തിയിരുന്നെങ്കിലും പ്രതിഷേധം കാരണം സാധിച്ചിരുന്നില്ല.

Exit mobile version