കോട്ടയം സീറ്റിലെ തര്‍ക്കം പരിഹരിക്കാന്‍ നിര്‍ണായക യോഗം; പിജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: തോമസ് ചാഴിക്കാടനെ കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പിജെ ജോസഫ് ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ ഇന്ന് തിരുവനന്തപുരത്താണ് നിര്‍ണായക യോഗം ചേരുന്നത്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായാണ് പിജെ ജോസഫ് കൂടിക്കാഴ്ച നടത്തുന്നത്. കോണ്‍ഗ്രസിന്റെ കൂടെ പിന്തുണയോടെയാണ് ജോസഫ് നേരത്തെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നത്. അതിനാല്‍ ഈ കൂടിക്കാഴ്ചയില്‍ ജോസഫിന് ഏറെ പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്തേക്ക് തിരിക്കും മുന്നെ ജോസഫ് പാലാ ബിഷപ്പുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, ജോസഫിന് സീറ്റ് നിഷേധിച്ച തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കെഎം മാണി. തോമസ് ചാഴിക്കാടന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മാണി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, മാണി സ്ഥാനാര്‍ത്ഥിയെ നാടകീയമായി പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടുന്നതിന് കോണ്‍ഗ്രസിന് പരിമിതികളുമുണ്ട്.

ഇതിനിടെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുത്ത കോണ്‍ഗ്രസ് കോട്ടയം മണ്ഡലം കമ്മിറ്റി യോഗത്തില്‍ ചാഴിക്കാടന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പലരും മുന്നണി വിട്ടതോടെ ദുര്‍ബലമായ ജോസഫ് പക്ഷത്തിന് പഴയ പോലെ വിലപേശല്‍ ശക്തിയില്ല. പ്രശ്‌നം പരിഹരിക്കാതെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാലും ജോസഫ് യുഡിഎഫില്‍ തന്നെ തുടരാനാണ് സാധ്യത.

Exit mobile version