കൊടും ചൂടിന് ആശ്വാസം; സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴ

ഈ വര്‍ഷം ഫെബ്രുവരിമാസം അവസാനവാരമാകുമ്പോഴേയ്ക്കും പാലക്കാട്ടെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇതിനോടകം അഞ്ചുതവണ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി

പാലക്കാട്: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തി. ഇന്നലെ വൈകീട്ടോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനല്‍മഴ പെയ്തു. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വേനല്‍ മഴ പെയ്തു.

വാളയാര്‍, ചിറ്റൂര്‍, കല്ലടിക്കോട്, പെരുവെമ്പ്, പുതുനഗരം മലമ്പുഴ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. ചിറ്റൂര്‍ ഭാഗത്ത് ഇടിയോടുകൂടിയ കനത്തമഴയായിരുന്നു. കൊല്ലങ്കോട്, മുതലമട, നെന്മാറ, കൊടുവായൂര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടായി. മഴ പെയ്തതോടെ അന്തരീക്ഷത്തിലെ താപനിലയും കുറഞ്ഞിട്ടുണ്ട്.

മുണ്ടൂര്‍ ഐആര്‍ടിസിയിലെ താപമാപിനിയില്‍ ശനിയാഴ്ച 38 ഡിഗ്രി സെല്‍ഷ്യസും മലമ്പുഴയില്‍ 37.2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. രണ്ടിടങ്ങളിലെയും കുറഞ്ഞ താപനിലയായി യഥാക്രമം 26-ഉം 26.3-ഉം രേഖപ്പെടുത്തി.

ഈ വര്‍ഷം ഫെബ്രുവരിമാസം അവസാനവാരമാകുമ്പോഴേയ്ക്കും പാലക്കാട്ടെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇതിനോടകം അഞ്ചുതവണ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി.

Exit mobile version