‘ഒരിക്കല്‍ പാഠപുസ്തകത്തിന് വേണ്ടി സമരം ചെയ്ത്, അടികൊണ്ട ആ വഴികളിലൂടെ ഇത്തവണ പുസ്തകങ്ങള്‍ നേരത്തെ എത്തി; ഞങ്ങളുടെ ശരീരങ്ങളിലേറ്റ പരിക്കിനേക്കാള്‍ എത്രയോ വലുതായിരുന്നു അന്ന് കേരളത്തിന്റെ പൊതുവിദ്യാഭാസ രംഗത്ത് യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവെച്ച പരിക്ക്’; അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു

കോട്ടക്കല്‍: പണ്ട് പാഠപുസ്തകത്തിന് വേണ്ടി സമരം നടത്തിയതിന് അടി കൊണ്ട് അറസ്റ്റിലായ ആ വഴികളിലൂടെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തി.. വളരെ അധികം സന്തോഷമെന്ന് അധ്യാപികയായ സിബ്ല സിഎം. അടികൊണ്ട ചരിത്രവും പാഠപുസ്തകങ്ങള്‍ ലോറിയില്‍ കൊണ്ട് ഇറക്കുന്ന ചിത്രവും അധ്യാപിക വിവരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിബ്ല സന്തോഷം അറിയിച്ചത്.

അധ്യാപികയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;
ഈ രണ്ട് ചിത്രങ്ങൾ കണ്ടിട്ടെന്ത് തോന്നുന്നു…?

ഒന്ന്,
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓണപ്പരീക്ഷയായിട്ടും വിദ്യാർത്ഥികൾക്ക് പാഠപുസ്തകം കിട്ടാത്തതിന് എസ്എഫ്ഐ നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ പോലീസ് അടിയേറ്റ് വീണ എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നു.

രണ്ട്,
ഇന്ന് അടുത്ത വർഷത്തേക്കുള്ള പാഠ പുസ്തകങ്ങൾ മലപ്പുറത്തെ ബുക്ക് ഡിപ്പോയിൽ ഇറക്കുന്നു

ഫോട്ടോയിൽ കാണുന്ന രണ്ട് സ്ഥലവും തമ്മിൽ 500 മീറ്ററിന്റെ വ്യത്യാസമേ ഉള്ളൂ.. പക്ഷേ കാലങ്ങൾ തമ്മിൽ ഏറെ ദൂരമുണ്ട്. പൊതുവിദ്യാഭ്യാസം നശിപ്പിക്കാൻ ശ്രമിച്ചവരും പൊതുവിദ്യാഭാസം സംരക്ഷിക്കാൻ ശ്രമിച്ചവരും തമ്മിലുള്ള ദൂരമാണത്.

ആ സമരത്തിൽ എനിക്ക് ഗുരുതരമായി ലാത്തിയടിയേറ്റു, ശരീരമാസകലം പരിക്ക് പറ്റി, നട്ടെല്ലിൽ ചതവ് വന്നു. ഇ എം എസ് ആശുപത്രിയിലും കോട്ടക്കൽ ആര്യവൈദ്യശാലയിലും മാസങ്ങൾ നീണ്ട ചികിത്സ വേണ്ടി വന്നു കുറേയൊക്കെ ശരിയാകാൻ, ഇപ്പോഴും അതിന്റെ അടയാളങ്ങൾ പേറിയാണ് ജീവിക്കുന്നത്. ചികിത്സ ഇനിയും ബാക്കിയുണ്ട്, എവിടേയും തോറ്റ് പോയില്ല, . ഞങ്ങൾ അത്രമേൽ ശരിയായിരുന്നു.ഒട്ടും പതറിയില്ല..
ഞങ്ങളുടെ ശരീരങ്ങളിലേറ്റ പരിക്കിനേക്കാൾ എത്രയോ വലുതായിരുന്നു അന്ന് കേരളത്തിന്റെ പൊതുവിദ്യാഭാസ രംഗത്ത് യുഡിഎഫ് സർക്കാർ വരുത്തിവെച്ച പരിക്ക്.

നോക്കൂ..
ഞങ്ങൾ നടത്തിയ സമരങ്ങൾ എത്രമേൽ അർഥമുള്ളതായിരുന്നുവെന്ന്. ആ മുദ്രാവാക്യങ്ങൾക്ക് എന്ത് കരുത്തായിരുന്നു എന്ന്.. ഇന്ന് ഞങ്ങളുടെ സർക്കാർ, സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പർ പിണറായി മുഖ്യമന്ത്രിയായ സർക്കാർ, അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ സ്കൂൾ അടക്കുന്നതിന് മുൻപേ എത്തിച്ചിരിക്കുന്നു… അവധിക്കാലത്ത് തന്നെ അവ കുട്ടികളുടെ കൈകളിലെത്തും… ഞങ്ങൾ അടി കൊണ്ട് മുദ്രാവാക്യം വിളിച്ച് വീണ് കിടന്ന മലപ്പുറം സിവിൽ സ്റ്റേഷന്റെ ഗേറ്റിലൂടെയാണ് പുസ്തകവുമായി വന്ന ലോറി കടന്ന് പോവുക. കാലമാണ് സാക്ഷി, അവിടത്തെ മൺതരികൾ കാലത്തിന് സാക്ഷി പറയും. പുസ്തക നിഷേധികളുടെ കാലത്ത് ഞാനൊരു വിദ്യാർത്ഥിയായിരുന്നു. ഇപ്പോൾ ഞാനൊരധ്യാപികയാണ്.. മുന്നിലെത്തുന്ന കുട്ടികൾക്ക് അറിവ് പകരാൻ ഇതെത്ര വലിയ പാഠമാണ്!!

Exit mobile version