തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം തടയണം; സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിമാനത്താവളത്തിനായുള്ള ലേലത്തില്‍ സ്വകാര്യ കമ്പനികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിനു വേണ്ടി കെഎസ്‌ഐഡിസിയാണ് പങ്കെടുത്തത്

കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെഎസ്‌ഐഡിസിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് ആണെന്നും സ്വകാര്യവല്‍ക്കരിക്കില്ലെന്ന ഉറപ്പില്‍ 2003-ലും സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിമാനത്താവളത്തിനുള്ള 258 ഏക്കര്‍ രാജ ഭരണകാലത്താണ് വിട്ടുനല്‍കിയത്. എന്നാല്‍ ഇന്ന് അതിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണ്. 2003-ല്‍ സ്വകാര്യവല്‍ക്കരണമുണ്ടാകില്ലെന്ന ധാരണയില്‍ 27 ഏക്കറാണ് ഏറ്റെടുത്ത് നല്‍കിയത്.

വിമാനത്താവളത്തിനായുള്ള ലേലത്തില്‍ സ്വകാര്യ കമ്പനികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിനു വേണ്ടി കെഎസ്‌ഐഡിസിയാണ് പങ്കെടുത്തത്. എന്നാല്‍ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Exit mobile version