ചോറ്റാനിക്കര ക്ഷേത്രത്തില്‍ വിവാദം പുകയുന്നു.! ഗുരുതിയ്ക്ക് ചുണ്ണാമ്പിനു പകരം ഇട്ടത് ബ്ലീച്ചിങ് പൗഡര്‍; ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തില്‍ വിവാദം പുകയുന്നു. കീഴ്ക്കാവില്‍ ഭഗവതിക്ക് പ്രധാന വഴിപാടായ സമര്‍പ്പിക്കുന്ന 12 പാത്രം ഗുരുതി തയ്യാറാക്കുന്നതിന് ചുണ്ണാമ്പിനു പകരം ഇട്ടത് ബ്ലീച്ചിങ് പൗഡര്‍. മേല്‍ശാന്തിക്ക് സംശയം തോന്നിയതിനാല്‍ ഗുരുതി ഭഗവതിക്ക് തര്‍പ്പണം ചെയ്തില്ല. ഇതേക്കുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ക്ഷേത്രത്തില്‍ കീഴ്ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിയും ഈ ദിവസം ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ സഹായികളാണ് ഉണ്ടായിരുന്നത്. സഹായികളായ രണ്ട് ജീവനക്കാരെ ജോലിയില്‍നിന്ന് ദേവസ്വം അധികൃതര്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്.

കീഴ്ക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഗുരുതി വഴിപാട് 2025 വരെ ബുക്കിങ് ആയിട്ടുള്ളതാണ്. അത്രയ്ക്ക് പ്രാധാന്യമാണ് ഗുരുതി വഴിപാടിനുള്ളത്. ഉത്സവക്കാലത്തും മുടിയേറ്റ് സമയത്തും മാത്രമേ ഗുരുതി ഒഴിവാക്കാറുള്ളൂ. ക്ഷേത്രക്കിണറ്റില്‍നിന്നുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി, ശര്‍ക്കര, ചുണ്ണാമ്പ്, കദളിപ്പഴം എന്നിവ ചേര്‍ത്താണ് ഗുരുതി തയ്യാറാക്കുന്നത്. കീഴ്ക്കാവ് ഭഗവതിക്കായി ശ്രീകോവിലിനു മുന്നില്‍ ഗുരുതി നിറച്ച ഓട്ടുരുളികള്‍ വെച്ച് പ്രത്യേകം പൂജകള്‍ നടത്തി തര്‍പ്പണം ചെയ്യുകയും തുടര്‍ന്ന് നിവേദ്യമായിട്ടുള്ള ഗുരുതി ഭക്തര്‍ക്ക് സേവിക്കാന്‍ കൊടുക്കുന്നതും പതിവാണ്.

ഗുരുതിക്കൂട്ടിന് ചുണ്ണാമ്പിനു പകരം ബന്ധപ്പെട്ട ജീവനക്കാരന്‍ കൊണ്ടുവന്നു കൊടുത്തത് ബ്ലീച്ചിങ് പൗഡറായിരുന്നുവെന്ന് ചോറ്റാനിക്കര ദേവസ്വം മാനേജര്‍ ബിജുകുമാര്‍ പറഞ്ഞു. ദുര്‍ഗന്ധം ഉണ്ടായിട്ടും ബന്ധപ്പെട്ട ജീവനക്കാര്‍ വിവരം പറഞ്ഞില്ല..മേല്‍ക്കാവ് മേല്‍ശാന്തി ടിഎന്‍ നാരായണന്‍ നമ്പൂതിരി ഗുരുതിപൂജയ്ക്കായി എത്തിയപ്പോള്‍ ഓട്ടുരുളികളിലെ ഗുരുതിക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. വിവരം തന്നെ അറിയിച്ചതിനെ തുടര്‍ന്ന് തയ്യാറാക്കിയ ഗുരുതി ഉടന്‍ മാറ്റാന്‍ നിര്‍ദേശിച്ചു. അത് പൂര്‍ണമായും ഒഴിവാക്കി. താമസിയാതെ തന്നെ പുതിയതായി സാധാരണ രീതിയില്‍ ഗുരുതി തയ്യാറാക്കിയാണ് തുടര്‍ന്ന് ഗുരുതി വഴിപാട് നടത്തിയതെന്നും ദേവസ്വം മാനേജര്‍ ബിജുകുമാര്‍ പറഞ്ഞു.

ദേവസ്വം ജീവനക്കാരായ തീര്‍ത്ഥമാണി, നട കാവല്‍ക്കാരന്‍, പാത്രം തേപ്പ്, സെക്യൂരിറ്റി എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മാനേജര്‍ പറഞ്ഞു.സംഭവത്തെക്കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി.

Exit mobile version