പട്ടാപകല്‍ ആളില്ലാത്ത വീടുകളില്‍ മോഷണം; പ്രതി പിടിയില്‍

കല്‍ക്കി എന്നറിയപ്പെടുന്ന പീച്ചി പുളിക്കല്‍ സന്തോഷ് (38) ആണ് സിറ്റി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്

തൃശ്ശൂര്‍: തൃശ്ശൂരില്‍ പട്ടാപകല്‍ ആളില്ലാത്ത വീടുകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളനെ പോലീസ് പിടികൂടി. കല്‍ക്കി എന്നറിയപ്പെടുന്ന പീച്ചി പുളിക്കല്‍ സന്തോഷ് (38) ആണ് സിറ്റി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.

20 വര്‍ഷത്തിലേറെയായി ഒരേ രീതിയില്‍ മോഷണം നടത്തുന്ന സന്തോഷിനെതിരെ തൃശൂര്‍ വെസ്റ്റ്, ഒല്ലൂര്‍, മണ്ണുത്തി, പുതുക്കാട്, പീച്ചി, കൊടകര, വരന്തരപ്പിള്ളി, വിയ്യൂര്‍ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. സാധാരണ ആളുകള്‍ പുറത്ത് പോകുമ്പോള്‍ വീടിന്റെ മുന്‍വശത്തെവിടേങ്കിലും ആകും താക്കോല്‍ വെക്കുന്നത്.

ഇത് മനസിലാക്കിയ സന്തോഷ് അത്തരത്തിലുള്ള വീടുകള്‍ മാത്രം തിരഞ്ഞെടുത്താണ് മോഷണം നടത്തുന്നത്.
മോഷ്ടിക്കാന്‍ തിരഞ്ഞെടുത്ത വീട്ടിലെത്തി താക്കോല്‍ കണ്ടുപിടിച്ച് അകത്തുകയറും തുടര്‍ന്ന് പിന്‍വാതില്‍ തുറന്നു പുറത്തിറങ്ങി മുന്‍വശത്തേക്കു നടന്നെത്തിയ ശേഷം വാതില്‍പൂട്ടി താക്കോല്‍ പഴയ സ്ഥാനത്തു തന്നെ വയ്ക്കും.

തുറന്നുകിടക്കുന്ന പിന്‍വാതിലിലൂടെ അകത്തു കയറിയാണ് മോഷണം. അലമാരയുടെ താക്കോല്‍ തിരഞ്ഞുകണ്ടുപിടിച്ചു പണവും സ്വര്‍ണവും കൈക്കലാക്കി അടുക്കളവാതിലിലൂടെ പുറത്തിറങ്ങി ബൈക്കില്‍ മടങ്ങും. 10 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയേ ഒരു വീട്ടില്‍ ചെലവഴിക്കൂ.

കഴിഞ്ഞ ജൂലൈയില്‍ തൈക്കാട്ടുശേരി വടക്കൂട്ട് പ്രശാന്തന്റെ കുടുംബം ക്ഷേത്രദര്‍ശനത്തിനു പോയ സമയത്ത് അലമാരയില്‍ നിന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് സന്തോഷ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇത്തരത്തില്‍ മോഷണം നടത്തി 100 പവനോളം സ്വര്‍ണം കവര്‍ന്നിട്ടുണ്ട്.

Exit mobile version