തോളില്‍ കയറി ഇരിക്കും, തലയിലെ പേന്‍ നോക്കും, സഞ്ചാരികളും വിദേശികളും കുക്രുവിന്റെ ഫാന്‍സ് ആണ്; നാട്ടിലെ താരം ബുദ്ധിയുള്ള ഈ കാക്ക

ഹരിപ്പാട്: പൊതുവെ ഇണങ്ങാന്‍ മടിയുള്ള കൂട്ടരാണ് കാക്കകള്‍. എന്നാല്‍ ഇവിടെ ഈ കാക്ക വ്യത്യസ്തയാണ്. തോളില്‍ കയറി ഇരിക്കും. തലയിലെ പേന്‍ നോക്കും. വീട്ടില്‍ അന്യര്‍ക്ക് പ്രവേശനമില്ല. അപരിചിതര്‍ വന്നാല്‍ വീട്ടുകാരെ വിളിച്ചുവരുത്തും. ഈ കാക്കയാണ് കുക്രു..

സഞ്ചാരികളും വിദേശികളും കുക്രുവിന്റെ ഫാന്‍സ് ആണ്. കുക്രുവിനെ കൈയ്യിലെടുക്കാനും കൂടെ നിന്ന് സെല്‍ഫി എടുക്കാനും തിരക്കാണ്. എന്തിനേറെ പറയുന്നു.. നാട്ടിലെ താരം തന്നെയാണ് ഈ മിടുക്കി.

വീയപുരം ഒന്നാം വാര്‍ഡില്‍ മീനത്തേതില്‍ റോബിനാണ് കാക്കയുടെ ഉടമ. രണ്ടുമാസം മുമ്പ് റോഡരികില്‍ നിന്നും അവശനിലയിലായില്‍ കാക്കയെ കിട്ടുകയായിരുന്നു. തുടര്‍ന്ന് കാക്കയെ പരിചരിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ 30കാരനായ റോബിന്‍ ഒരുപാട് ബുദ്ധിമുട്ടി.

മേസ്തിരി പണിക്കാരനായ റോബിന്‍ എവിടെപോയാലും കാക്കയും കൂടെയുണ്ടാകും. റോബിന്‍ കൂട്ടുകാരുമായി സംസാരിക്കുമ്പോഴും എല്ലാത്തിനും സാക്ഷിയെന്നോണം തോളത്തുണ്ടാകും കുക്രുവെന്ന റോബിന്റെ കാക്ക. ദൂരെ എവിടെപോയാലും കുക്രുവിനെ കൂട്ടിലടച്ചിട്ടെ റോബിന്‍ പോകാറുള്ളു.

വീട്ടില്‍ വന്ന് കൂട് തുറന്നാല്‍ അല്‍പസമയം റോബിനുമായി പിണക്കം നടിക്കാറുണ്ട് കുക്രു. റോബിന്റെ കൂട്ടുകാരുമായും നല്ല സൗഹൃദത്തിലാണ് കുക്രു. അടുത്തുള്ള ദേവാലയങ്ങളില്‍ എത്തുന്നവര്‍ക്കും ഇപ്പോള്‍ പ്രിയപ്പെട്ടവനാണ് കുക്രു.

Exit mobile version