സ്ത്രീകളുടെ ഏതു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താന്‍ വിളിക്കുക! ഈ ‘നമ്പര്‍ ഇറക്കി’ മലപ്പുറത്തെ യുവാവ് സ്ത്രീകളെ കബളിപ്പിച്ച് തട്ടിയെടുത്തത് 350 പവന്‍ സ്വര്‍ണ്ണം; പറ്റിക്കപ്പെട്ടത് വീട്ടമ്മമാര്‍

മലപ്പുറം: സ്ത്രീകളെ പറഞ്ഞുപറ്റിച്ച് ആഭരണങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പിടികൂടി പോലീസ്. മലപ്പുറം ജില്ലയിലെ പുറത്തൂര്‍ പാലക്കവളപ്പില്‍ ഷിഹാബുദ്ദീന്‍ (36) ആണു പിടിയിലായത്. പലരില്‍ നിന്നായി 350 പവനോളം സ്വര്‍ണ്ണമാണ് ഇയാള്‍ തട്ടിയെടുത്തത്. പറക്കുളത്ത് തയ്യല്‍ കട നടത്തുകയാണ് ഇയാള്‍.

സ്ത്രീകള്‍ മാത്രമുള്ള വീടുകളും അവരുടെ കുടുംബ പ്രശ്‌നങ്ങളും മനസിലാക്കി മൊബൈല്‍ നമ്പര്‍ ഒപ്പിക്കുകയാണ് ഇയാളുടെ തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് പ്രശ്‌നപരിഹാരം നടത്താന്‍ കഴിയുന്ന മുസ്ലിയാരാണെന്നു പറഞ്ഞ് ഫോണില്‍ വിളിക്കുകയും 30 പവന്‍ വരെ സ്വര്‍ണ്ണം ആവശ്യപ്പെടുകയും ചെയ്യും. വീട്ടിലേക്ക് ആളെ അയയ്ക്കാമെന്നു പറഞ്ഞ് ഷിഹാബുദ്ദീന്‍ തന്നെ വീട്ടിലെത്തി സ്വര്‍ണ്ണം കൈപ്പറ്റുകയാണ് ചെയ്തിരുന്നത്.

സ്വര്‍ണ്ണം നല്‍കിയിട്ടും പ്രശ്‌നം തീരാത്തതും കൊടുത്ത സ്വര്‍ണം തിരച്ചുകിട്ടാത്തതും കാണിച്ച് ആനക്കര സ്വദേശിനിയായ സ്ത്രീ തൃത്താല പോലീസില്‍ പരാതി നല്‍കിയിരുന്നു. ആനക്കര, കുമ്പിടി, ഉമ്മത്തൂര്‍, പൊന്നാനി, വികെ കടവ് എന്നിവിടങ്ങളില്‍ നിന്നാണ് സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണ്ണം ഇയാള്‍ കൈക്കലാക്കയിരുന്നത്. പാലക്കാട് എസ്പി ബാബുവിന്റെ നിര്‍ദേശാനുസരണം തൃത്താല എസ്‌ഐ വിപിന്‍ വേണുഗോപാല്‍, സിപിഒമാരായ ബിജു, റിനേഷ്, ബാബു, ധര്‍മേഷ് എന്നിവര്‍ ചേര്‍ന്നാണ് പറക്കുളത്തു നിന്ന് പ്രതിയെ പിടികൂടിയത്.

ഇയാള്‍ക്കെതിരെ തിരൂര്‍ കല്‍പകഞ്ചേരി പോലീസ് സ്റ്റേഷനില്‍ 22 കേസുകള്‍ നിലവിലുണ്ട്. നേരത്തെ മാക്‌സി വില്‍പനയ്ക്കായി ആനക്കര കുമ്പിടി പറക്കുളം മേഖലയില്‍ എത്തി ആളുകളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. പറക്കുളത്തെ തയ്യല്‍ യൂണിറ്റില്‍ ഇരുപതിലധികം സ്ത്രീകള്‍ തൊഴിലെടുക്കുന്നുണ്ട്. തട്ടിപ്പിലൂടെ കൈക്കലാക്കിയ 350 പവന്‍ സ്വര്‍ണം എടപ്പാള്‍, കൂറ്റനാട് എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയാതായും പോലീസ് കണ്ടെത്തി. പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version