പോലീസിനെ കണ്ട് പരിഭ്രാന്തിയിലായി വണ്ടിയില്‍ നിന്ന് വീണു..! കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയില്‍

കോഴിക്കോട്: കഞ്ചാവ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയിലായി. ആനക്കുഴിക്കര സ്വദേശി മായങ്കോട് ജംഷീദ് ആണ് പിടിയിലായത്. കോഴിക്കോട് ജില്ലയിലെ കായലം, ചെറുപ്പ, പൂവാട്ട്പറമ്പ്, ആനകുഴിക്കര, കുറ്റിക്കാട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്പന നടത്തുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍.

വില്പനയ്ക്കായി കൊണ്ടുവന്ന 1.5 കിലോഗ്രാം കഞ്ചാവുമായി മാവൂര്‍ പോലീസും ഡന്‍സാഫും( ജില്ല ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ്) ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം കഞ്ചാവുമായി നേരത്തെ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആഡംബര ജീവിതത്തിനായി വീണ്ടും കഞ്ചാവ് വില്‍പനയിലേക്ക് കടക്കുകയായിരുന്നു.

പോലീസിനെ കണ്ട് പരിഭ്രമിച്ച് മോട്ടോര്‍ സൈക്കിള്‍ തിരിച്ചു പോകാന്‍ ശ്രമിക്കവെ വാഹനം തെന്നി വീണതിനെ തുടര്‍ന്ന് അസ്വാഭാവികത തോന്നി വാഹനം തടഞ്ഞ് പരിശോധിച്ചതിലാണ് സീറ്റിനടിയിലെ അറയില്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയില്‍ ഒന്നര കിലോയിലധികം കഞ്ചാവ് കണ്ടെത്തുന്നത്.

Exit mobile version