ഇടുക്കി സീറ്റ് കിട്ടണം, അക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ല; അനൂപ് ജേക്കബ്

തിരുവനന്തപുരം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഘട്ടങ്ങളിലേക്ക് കടന്നു. യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി. ഒരു സീറ്റ് അധികം വേണമെന്ന ആവശ്യവുമായി രംഗത്തുള്ള മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്-എമ്മിനും പുറമേ ഇടുക്കി സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗവും രംഗത്തുവന്നിരിക്കുകയാണ്.

25 വര്‍ഷമായി യുഡിഎഫിന് ഒപ്പം നില്‍ക്കുകയാണെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെങ്കിലും അര്‍ഹമായ പ്രാധിനിത്യം വേണമെന്നും അനൂപ് ആവശ്യപ്പെട്ടു. ഇടുക്കി സീറ്റ് കിട്ടുന്ന കാര്യം നേതൃത്വത്തോട് അറിയിച്ചെന്നും സീറ്റില്ലാതെ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയറാകില്ലെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ഇടുക്കി സീറ്റ് വേണമെന്നത് പാര്‍ട്ടിയിലെ പൊതു നിലപാടാണ്. നേതൃത്വം അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപ് ജേക്കബ് പറഞ്ഞു.

എന്നാല്‍ ഇടുക്കി സീറ്റ് കോണ്‍ഗ്രസിനകത്ത് നിര്‍ണായകമാവുകയാണ്. കേരള കോണ്‍ഗ്രസ്-എമ്മിനും അനൂപിന്റെ നിലപാട് തലവേദന സൃഷ്ടിക്കും. കഴിഞ്ഞ ദിവസം ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ഇടുക്കി സീറ്റ് ആവശ്യപ്പെടും എന്നകാര്യം ജോസഫിനെ അറിയിക്കാനായിരുന്നു ജോണി നെല്ലൂരിന്റെ കൂടിക്കാഴ്ച.

രാവിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ വിവിധ കക്ഷികളുമായി നേതൃത്വം തുടങ്ങി. ആര്‍എസ്പി നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. അധികസീറ്റ് ആവശ്യം ഉന്നയിക്കാത്തതിനാല്‍ ആര്‍എസ്പിയുമായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.

Exit mobile version