കോഴി മാലിന്യം പമ്പാനദിയില്‍ തള്ളാന്‍ ശ്രമം; കടയുടമയും, തൊഴിലാളിയും പിടിയില്‍

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ചെന്നിത്തല പറയങ്കേരി പാലത്തില്‍ വച്ചായിരുന്നു ഇവര്‍ നദിയില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചത്.

മാന്നാര്‍: പമ്പാനദിയില്‍ കോഴിമാലിന്യം തള്ളാന്‍ ശ്രമിച്ച കട ഉടമയും, തൊഴിലാളിയും പിടിയില്‍. കരുവാറ്റാ വടവല്യത്ത് വീട്ടില്‍ സലീം, ഇയാളുടെ കടയിലെ തൊഴിലാളി ഉത്തര്‍പ്രദേശുകാരനായ ജാവൂദ് എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ചെന്നിത്തല പറയങ്കേരി പാലത്തില്‍ വച്ചായിരുന്നു ഇവര്‍ നദിയില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചത്.

പോലീസ് പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ചെന്നിത്തല പറയങ്കേരി പാലത്തിന് സമീപത്ത് സലീമിന്റെ ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ നിര്‍ത്തിയിട്ടിരുന്നു. പോലീസ് ജീപ്പ് ഇവിടെ നിര്‍ത്തിയതോടെ കാര്‍ പറയങ്കേരി പാലത്തിന് വടക്കോട്ടുള്ള റോഡിലൂടെ അമിത വേഗത്തില്‍ പോയി. പോലീസ് പിന്തുടര്‍ന്ന് വാഹനം പിടികൂടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കവറുകളില്‍ നിറച്ചുവച്ചിരിക്കുന്ന കോഴി മാലിന്യം കണ്ടെത്തി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version