ജന്മനാ രോഗബാധിതനായ ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ഡോക്ടര്‍; പ്രതിഷേധിച്ച് ബന്ധുക്കള്‍; ആശുപത്രിയില്‍ സംഘര്‍ഷം

മുളങ്കുന്നത്തുകാവ്: ജന്മനാ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നുള്ള ഡോക്ടറുടെ ആവശ്യത്തിന് പിന്നാലെ സംഘര്‍ഷഭരിതമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി. കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടറുടെ നിലപാടാണ് പ്രതിഷേധത്തിന് കാരണമായത്. കുഞ്ഞിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ തര്‍ക്കത്തിലെര്‍പ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്.

പാലക്കാട് പുല്‍പ്പള്ളി സ്വദേശികളായ വിനയകുമാറിന്റെയും അമിതയുടെയും നാലുമാസം പ്രായമായ ശിശുവിന്റെ മരണംമൂലം ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നുള്ള ഡോക്ടറുടെ നിലപാടാണ് പ്രതിഷേധത്തിനു കാരണമായത്. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോള്‍ വഴിമധ്യേയാണ് മരിച്ചത്.

ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ഒരുമാസമായി കുഞ്ഞ് ചികിത്സയിലാണ്. അവിടെനിന്നു വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ രോഗവിവരങ്ങളും ചികിത്സാ രേഖകളും മാതാപിതാക്കള്‍ ഹാജരാക്കിയെങ്കിലും തൃപ്തിവരാതെ അധികൃതര്‍ പോസ്റ്റുമോര്‍ട്ടത്തിനുവേണ്ടി പോലീസിന് കേസ് വീടുകയായിരുന്നു. തര്‍ക്കങ്ങളും പോലീസ് ഇടപെടലുകളും കാരണം മൃതദേഹം വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടം നടത്താന്‍ സാധിച്ചില്ല.

വെള്ളിയാഴ്ച രാവിലെ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍ ഹിതേഷ്ശങ്കര്‍ എത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് മരണത്തില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും പ്രസവിച്ച നാള്‍മുതല്‍ കുഞ്ഞ് രോഗിയാണെന്നും നിരന്തരം ചികിത്സയില്‍ ആണെന്നും സ്ഥിരീകരിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി.

രോഗിയായി മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം അനാവശ്യമായി പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെട്ട ആശുപത്രി കുട്ടികളുടെവിഭാഗം ഡോക്ടര്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version