വീട്ടമ്മയുടെ തൊണ്ടയില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ നീളമുള്ള മീന്‍ മുള്ള്.! അന്നനാളം തുളച്ചുകയറിയ മുള്ള് തൈറോയ്ഡ് ഗ്രന്ഥിയും തുളച്ചു; മൂന്നാഴ്ചയ്ക്ക് ശേഷം തൊണ്ട കീറി മുള്ള് എടുത്തു, ശബ്ദം കിട്ടിയത് അത്ഭുതം എന്ന് ഡോക്ടര്‍മാര്‍

കോട്ടയം: വീട്ടമ്മയുടെ തൊണ്ടയില്‍ കുടുങ്ങിയ മുള്ള് മൂന്നഴ്ചയ്ക്ക് ശേഷം പുറത്തെടുത്തു. മൂന്നര സെന്റിമീറ്റര്‍ നീളമുള്ള മീന്‍ മുള്ളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. അന്നനാളം തുളച്ചുകയറിയ മുള്ള് തൈറോയ്ഡ് ഗ്രന്ഥിയില്‍ പൂര്‍ണമായും തുളച്ചുകയറിയ നിലയിലായിരുന്നു. വൈക്കം സ്വദേശി അന്‍പതുകാരിയുടെ തൊണ്ടയിലാണ് ‘പുല്ലന്‍’ ഇനത്തില്‍പ്പെട്ട മീനിന്റെ മുള്ള് തുളച്ചത്.

മൂന്നര മണിക്കൂര്‍ നീണ്ട, കഴുത്ത് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് മുള്ള് പുറത്തെടുത്തത്. ഇത്രയും നീളമുള്ള മീന്‍ മുള്ള് തൈറോയ്ഡ് ഗ്രന്ഥിയില്‍ തുളച്ചു കയറിയ നിലയില്‍ കണ്ടെത്തുന്നത് ആദ്യമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിലേക്കും ഹൃദയത്തിലേക്കും കടന്നുപോകുന്ന രക്തധമനികളുടെ സമീപമാണ് മുള്ള് തുളച്ചത്. അണുബാധ വ്യാപിക്കുന്നതിനു മുമ്പ് മുള്ള് എടുത്തതിനാല്‍ കൂടുതല്‍ ഗുരുതരമായില്ല.

ഉച്ചയൂണിനൊപ്പം വറുത്ത മീന്‍ കഴിച്ചപ്പോഴാണ് മുള്ളു വിഴുങ്ങിയതെന്നു വീട്ടമ്മ പറഞ്ഞു. വിരല്‍ കടത്തി എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ തൊണ്ടയിലേക്ക് മുള്ളു തുളച്ചു കയറിയതോടെ ശ്രമം ഉപേക്ഷിച്ചു. ഭയം കാരണം ആരോടും പറഞ്ഞില്ല. വേദന കൂടിയതോടെ മൂന്നാഴ്ചയ്ക്ക് ശേഷം വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വേദനയ്ക്കുളള മരുന്ന് നല്‍കി തിരിച്ചയച്ചു. വീണ്ടും വേദന കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

എന്നാല്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ അണുബാധ തുടങ്ങിയിരുന്നു. അതിനാല്‍ ശസ്ത്രക്രിയയിലൂടെ തൈറോയ്ഡ് ഗ്രന്ഥിയുടെ ഒരു ഭാഗം മുറിച്ച് നീക്കി. സംസാരിക്കാന്‍ കഴിയുന്നുണ്ട്. ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നത്.

Exit mobile version