സ്ഥാപനങ്ങളുടെ പേര് ഇനി വാഹനത്തില്‍ എഴുതേണ്ട..! ഉത്തരവ് പാലിച്ചില്ലെങ്കില്‍ പിടിവീഴും

നെടുങ്കണ്ടം: വാഹനങ്ങളുടെ നെയിം പ്ലേറ്റുകളില്‍ സഹകരണ സ്ഥാപനങ്ങളുടെ പേര് എഴുതുന്നത് നിരോധിച്ച ഉത്തരവ് കര്‍ശനമാകുന്നു. ഉത്തരവ് അനുസരിക്കാതെ നിലവില്‍ പേര് വെച്ചിട്ടുള്ള സഹകരണ സ്ഥാപനങ്ങള്‍ക്കു മോട്ടര്‍ വാഹനവകുപ്പ് നോട്ടിസ് നല്‍കിയ ശേഷം നടപടി സ്വീകരിക്കും.

വാഹനങ്ങളില്‍ ചുവപ്പ്, നീല നിറങ്ങളിലുള്ള നെയിം പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തി സഹകരണ സംഘം റജിസ്ട്രാര്‍ എസ് ഷാനവാസ് ജനുവരി 31ന് ഉത്തരവിറക്കിയത്. കഴിഞ്ഞ ജനുവരി 31ന് ഹൈക്കോടതി ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

ഒരു കാരണവശാലും വാഹനങ്ങളില്‍ ചുവപ്പ്, നീല നിറങ്ങളിലുള്ള നെയിം പ്ലേറ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സഹകരണ സംഘം റജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ലോഗ് ബുക്ക്, ട്രിപ്പ് ഷീറ്റ് എന്നിവ കൃത്യമായി സൂക്ഷിക്കണമെന്നും ചില സഹകരണ ബാങ്കുകളുടെയും വാഹനങ്ങള്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സ്വകാര്യ ആവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കുന്നത് പതിവാണെന്നു പരാതിയുണ്ട്. തുടര്‍ന്നാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ കൊണ്ടു വന്നത്

എന്നാല്‍ താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് പേര്‍ വെയ്ക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ഉത്തരവില്‍ പറയുന്നു…

കേരള ഗവര്‍ണര്‍, സംസ്ഥാന മന്ത്രിമാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തത്തുല്യ പദവി വഹിക്കുന്ന ഉദ്യോഗസ്ഥര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭ സാമാജികര്‍, ജില്ലാകലക്ടര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥ മേധാവിമാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഭരണഘടനാപരമായ അധികാര സ്ഥാപനങ്ങള്‍, നിയമപരമായ കമ്മിഷനുകള്‍ എന്നിവയുടെ തലവന്‍മാരുടെ വാഹനങ്ങള്‍, ഹൈക്കോടതി അധികാരം നല്‍കിയിരിക്കുന്ന സ്ഥാപനങ്ങള്‍ , ദേശസാല്‍കൃത ബാങ്കുകള്‍, ലോ ഓഫിസര്‍മാര്‍, ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി പദവി വഹിക്കുന്നവര്‍ എന്നിവരുടെ വാഹനങ്ങളില്‍ മോട്ടര്‍ വാഹന വകുപ്പ് അനുമതി നല്‍കിയിരിക്കുന്ന നിശ്ചിത അളവിലുള്ള ബോര്‍ഡ് സ്ഥാപിക്കാം

Exit mobile version