‘കാസര്‍കോട് നടന്നത് ഹീനമായ കൊലപാതകം; തെറ്റായ ഒന്നിനേയും ഏറ്റെടുക്കേണ്ട കാര്യം സിപിഐഎമ്മിനില്ല’ ; കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; മുഖ്യമന്ത്രി പിണറായി

കൊലപാതകത്തെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചു. ഇത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി കാസര്‍കോട് പറഞ്ഞു.

കാസര്‍കോട്: പെരിയയിലെ ഇരട്ട കൊലപാതകം ഹീനമായ കൊലപാതകം ആണെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചു. ഇത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി കാസര്‍കോട് പറഞ്ഞു.

തെറ്റായ ഒന്നിനേയും ഏറ്റെടുക്കേണ്ട കാര്യം സിപിഐഎമ്മിനില്ല. അതുകൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിനെ തള്ളിപ്പറഞ്ഞത്. സിപിഐഎം എങ്ങനെ അത്തരത്തിലുള്ള സംഭവങ്ങളെ കാണുന്നു എന്നതിന് തെളിവാണത്. അങ്ങനെയുള്ള ആളുകള്‍ക്ക് സിപിഐഎമ്മിന്റേതായ ഒരു പരിരക്ഷയും നല്‍കില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ സംഭവം ഉണ്ടായ ഉടന്‍ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കൊലപാതകത്തിന് ശേഷം നാട്ടില്‍ നടന്ന മറ്റ് കാര്യങ്ങള്‍ ഉണ്ട്. അക്രമം നടത്താന്‍ ലൈസന്‍സ് കിട്ടിയെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. അതിനെ ഒന്നിനേയും ആരും തള്ളിപ്പറഞ്ഞ് കണ്ടില്ല. മാത്രമല്ല അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കണ്ടത്. പ്രോത്സാഹിച്ചാലും സംരക്ഷിച്ചാലും അക്രമം ഉണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകും. നിയമം നിയമത്തിന്റെ വഴിക്ക് പോകും. യാതൊരു വിധത്തിലുള്ള പക്ഷഭേദവും അക്കാര്യത്തില്‍ ഇല്ല. തെറ്റായ ഒന്നിനേയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും പിണറായി പറഞ്ഞു.

നാട്ടുകാരും ബഹുജനങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണ്. സമാധാനം കെടുത്തുന്ന പ്രവര്‍ത്തനമാണ് ചിലര്‍ നടത്തുന്നത്. രാജ്യത്ത് സമാധാനത്തില്‍ മുന്നോട്ടു പോകുന്ന സംസ്ഥാനമാണ് നമ്മുടേത്. ആ നില തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. എല്ലാ നല്ല കാര്യങ്ങള്‍ക്കും നാടും നാട്ടുകാരും ഒപ്പം നിന്നു. നാടിന്റേയും നാട്ടുകാരുടേയും പിന്തുണയാണ് ഞങ്ങളെ ഇവിടെ നിര്‍ത്തിയത്. നാടിനോടും നാട്ടുകാരോടും ഉത്തരം പറയാന്‍ ബാധ്യതയുള്ളവരാണ് ഞങ്ങള്‍.

നമ്മുടെ നാടിനെ സൈ്വര്യവും സമാധാനവും നിലനില്‍ക്കുന്ന നാടായി തന്നെ നിലനിര്‍ത്തണം. എല്ലാ അക്രമങ്ങളേയും നേരിട്ട് മുന്നോട്ട് പോകാന്‍ കഴിയുമെന്ന് പ്രത്യാശിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version