ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഇറക്കിവിടില്ല; കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

സുപ്രീം കോടതി വിധി പ്രകാരം കേരളത്തില്‍ നിന്നും 894 ആദിവാസകള്‍ക്ക് ഭൂമി നഷ്ടപ്പെടും. എന്നാല്‍ അര്‍ഹരായ ഒരാളെപ്പോലും വനഭൂമിയില്‍ നിന്ന് ഇറക്കിവിടില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

തിരുവനന്തപുരം: രാജ്യത്തെ പത്തു ലക്ഷത്തോളം വരുന്ന ആദിവാസികളെ വനഭൂമിയില്‍ നിന്നും പുറത്താക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.

സുപ്രീം കോടതി വിധി പ്രകാരം കേരളത്തില്‍ നിന്നും 894 ആദിവാസകള്‍ക്ക് ഭൂമി നഷ്ടപ്പെടും. എന്നാല്‍ അര്‍ഹരായ ഒരാളെപ്പോലും വനഭൂമിയില്‍ നിന്ന് ഇറക്കിവിടില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

പുനരവലോകന ഹര്‍ജി, അപ്പീല്‍ തുടങ്ങിയ സാധ്യതകള്‍ പരിശോധിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടതായും, അര്‍ഹരായവര്‍ക്ക് ഭൂമിയില്‍ അവകാശം ഉറപ്പാക്കുന്ന നിലയില്‍ നിയമനിര്‍മാണം നടത്താനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ നല്‍കാനുദ്ദേശിക്കുന്ന അപ്പീല്‍ ഹര്‍ജിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന് കോടതിവിധി പഠിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി വിഭാഗത്തില്‍ പെട്ട 39999 പേരാണ് ഭൂ അവകാശത്തിനായി അപേക്ഷിച്ചത്. എന്നാല്‍ ഇതില്‍ 894 അപേക്ഷകള്‍ മതിയായ രേഖകളില്ലാത്തതിനാല്‍ തള്ളിക്കളയുകയായിരുന്നു.

വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. ജൂലൈ 27-നു മുമ്പ് ഉത്തരവ് നടപ്പാക്കണമെന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

Exit mobile version