സാംസ്‌കാരിക നായകര്‍ക്കെതിരായ അധിക്ഷേപം ഹീനമായത്; യൂത്ത് കോണ്‍ഗ്രസിന്റെ ‘വാഴപ്പിണ്ടി’ പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പെരിയയിലെ കൊലപാതകങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് സാംസ്‌കാരിക നായകന്മാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ‘വാഴപ്പിണ്ടി’ പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സാഹിത്യ അക്കാദമിക്കു നേര്‍ക്കു നടന്ന യൂത്ത് കോണ്‍ഗ്രസ് കയ്യേറ്റശ്രമത്തെ വിമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നലെ വൈകിട്ടാണ് സാംസ്‌കാരിക നായകരുട മൗനത്തെ പരിഹസിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാഹിത്യ അക്കാദമയില്‍ കയറി പ്രസിഡന്റ് വൈശാഖന് വാഴപ്പിണ്ടി സമ്മാനിക്കാന്‍ ശ്രമിച്ചത്.

കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നതെന്നും അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇത്തരം നടപടികള്‍ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും വ്യക്തമാക്കി.

കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ സാംസ്‌കാരിക നായകന്മാര്‍ മൗനത്തിലാണെന്ന് ആരോപിച്ചാണ് പ്രതീകാത്മകമായി വാഴപ്പിണ്ടി സമ്മാനിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് എത്തിയത്. സാഹിത്യ അക്കാദമിയിലെത്തിയായിരുന്നു നട്ടെല്ലിനു പകരം ഉപയോഗിക്കാമെന്ന മുദ്രാവാക്യത്തോടെ വാഴപ്പിണ്ടി സമ്മാനിച്ചത്.

അക്കാദമിക്കു അകത്ത് കയറുന്നതു പോലീസ് തടഞ്ഞതോടെ പ്രസിഡന്റ് വൈശാഖന്റെ കാറിനു മുകളില്‍ വാഴപ്പിണ്ടി വച്ചു തിരിച്ചുപോരുകയായിരുന്നു.

Exit mobile version