പൊങ്കാല മഹോത്സവത്തിന് ശേഷം ഒറ്റ രാത്രികൊണ്ട് ക്ലീന്‍ സിറ്റിയായി തിരുവനന്തപുരം; അഭിമാനവും റെക്കോര്‍ഡും

തിരുവനന്തപുരം: പൊതുവെ തിരുവനന്തപുരം ക്ലീന്‍ സിറ്റിയാണ്. കൂടാതെ കഴിഞ്ഞ ദിവസത്തെ പൊങ്കാല മഹോത്സവത്തില്‍ സിറ്റി ആകെ മോശമായിരുന്നു. പക്ഷെ രാത്രിയില്‍ തന്നെ തിരുവനന്തപുരം ക്ലീന്‍ സിറ്റിയാക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ നിറയുന്നത്. ഇതും റെക്കോര്‍ഡ് ആണ്.

3383 തൊഴിലാളികളും, 116 ഉദ്യോഗസ്ഥരും ഒരു മിനിറ്റ് പോലും വിശ്രമമില്ലാതെ നഗരത്തിലെ 7 കിലോമീറ്റര്‍ ചുറ്റളവിലുണ്ടായ ടണ്‍ കണക്കിനു മാലിന്യം മണിക്കൂറുകള്‍ക്കകം നീക്കം ചെയ്തു. ഉച്ചയ്ക്ക് 2.15നു പൊങ്കാല നിവേദ്യത്തിനു തൊട്ടുപിന്നാലെ തുടങ്ങിയ മാലിന്യ നീക്കം അവസാനിച്ചതു രാത്രിയോടെയാണ്. മേയര്‍ വികെ പ്രശാന്ത് ഉള്‍പ്പെടെയുള്ള ഭരണ സമിതി അംഗങ്ങളും ക്ലീനിങ്ങിന് രംഗത്തുണ്ടായിരുന്നു

തൊഴിലാളികള്‍ക്ക് പുറമെ ഹെല്‍ത്ത് ഓഫിസറുടെ മേല്‍നോട്ടത്തില്‍ 3 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, 27 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 86 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണു ശുചീകരണത്തിനു നേതൃത്വം നല്‍കിയത്. 35 വലിയ ടിപ്പറും 10 ചെറിയ ടിപ്പറുകളും 12 ലോറി, 25 പിക്കപ് ഓട്ടോ, 3 ജെസിബി, 2 മിനി പ്രൊക്ലൈനര്‍, 2 സക്കിങ് മെഷീന്‍ എന്നിവയും ഉപയോഗിച്ചു

നിവേദ്യത്തിനു തൊട്ടു മുമ്പ് തൊഴിലാളികള്‍ തങ്ങള്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളിലെത്തി. മിച്ചംവന്ന വിറക്, കടലാസ് എന്നിവ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ കൂട്ടിയിട്ടു കത്തിച്ചു. പ്ലാസ്റ്റിക് ശേഖരിച്ചിട്ടുണ്ട്. ഇവ തരംതിരിച്ച് മുട്ടത്തറയിലെ ഷഡിങ് കേന്ദ്രത്തില്‍ എത്തിക്കും.

അതേസമയം തൊഴിലാളികള്‍ക്ക് കുടിവെള്ളം ഉള്‍പ്പെടെ കോര്‍പറേഷനിലെ ആരോഗ്യ വിഭാഗം എത്തിച്ചു. രാത്രിയോടെ കൃത്രിമ മഴ പെയ്യിച്ച് റോഡുകള്‍ വൃത്തിയാക്കി. ഇരുപതോളം ടാങ്കറുകളിലാണ് ഇതിനായി വെള്ളം എത്തിച്ചത്. കുടിവെള്ള വിതരണത്തിനായി നഗരസഭയുടെ 7 ടാങ്കര്‍ ലോറികള്‍ സജ്ജമാക്കിയിരുന്നു.

Exit mobile version