‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്, എനിക്ക് വീട്ടില്‍ പോകണം, മക്കള്‍ക്ക് ഞാന്‍ വെച്ചുകൊടുത്താലേ കഴിക്കൂ, അവരെല്ലാം വിശന്നിരിക്കുകയാകും’; വൃദ്ധസദനത്തില്‍ എത്തിയ ലക്ഷ്മിയുടെ ആശങ്ക; അമ്മേ ആറു മക്കള്‍ക്കും അമ്മയെ നോക്കാന്‍ വയ്യ കണ്ണു നിറച്ച് അധികൃതര്‍ മനസില്‍ പറഞ്ഞു

രാമവര്‍മപുരം: ആധുനിക യുഗത്തില്‍ മക്കള്‍ക്ക് അച്ഛനമ്മമാര്‍ ഭാരമാകുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ലക്ഷ്മി അമ്മ. 75 വയസ്സുള്ള ഈ അമ്മയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോകാന്‍ ആര്‍ഡിഒ അടക്കമുള്ളവര്‍ അപേക്ഷിച്ചതാണ്. എന്നാല്‍ ആറ് മക്കളും ഒരേ സ്വരത്തില്‍ പറഞ്ഞു ഞങ്ങള്‍ക്ക് അമ്മയെ വേണ്ടെന്ന്. എന്നാല്‍ ഈ അമ്മയ്ക്ക് ഇതൊന്നും അറിയില്ല..

അമ്മയെ രാമവര്‍മപുരത്തെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എത്തിച്ചപ്പോള്‍ ജീവനക്കാരോട് അമ്മ ദേഷ്യപ്പെട്ടു. ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്. എനിക്ക് വീട്ടില്‍ പോകണം. മക്കള്‍ക്ക് ഞാന്‍ വെച്ചുകൊടുത്താലേ കഴിക്കൂ. അവരെല്ലാം വിശന്നിരിക്കുകയാകും. രാത്രിയായിട്ടും എന്നെ കണ്ടില്ലെങ്കില്‍ അവര്‍ പേടിക്കും’. കൂടെയുണ്ടായിരുന്ന സാമൂഹികനീതിവകുപ്പിലെ ജീവനക്കാര്‍ ഒന്നും പറഞ്ഞില്ല. അവര്‍ അമ്മയെ ആശ്വസിപ്പിച്ചുമില്ല. തൊട്ടുമുമ്പ് നടന്ന സംഭവങ്ങളാണ് അവരുടെ മനസ്സിലേക്കു വന്നത്.

ലക്ഷ്മിക്ക് മക്കളെ അത്ര ഇഷ്ടമായിരുന്നു. അതിന് കാരണവുമുണ്ട്. ഭര്‍ത്താവ് മരിച്ചതോടെ ഏഴ് മക്കളെയും ലക്ഷ്മി കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. മക്കളെ നല്ല നിലയിലാക്കി. രണ്ടാണും അഞ്ചുപെണ്ണും. അതില്‍ ഒരു മകന്‍ അടുത്തകാലത്ത് മരിച്ചു. മക്കള്‍ക്ക് നല്ലതൊഴിലുണ്ട്. ആവശ്യത്തിന് പണമുണ്ട്. ചിലര്‍ക്ക് പദവിയും.

ഇരവിമംഗലം സ്വദേശിനിയാണ് ലക്ഷ്മി. പ്രായത്തിന്റേതായ ചെറിയ ഓര്‍മക്കുറവുണ്ട്. സ്വന്തം പേരില്‍ ചെറിയ ഓടിട്ട പുരയുണ്ട്. ബാക്കി സ്വത്ത് അഞ്ചു സെന്റ് വീതം മക്കള്‍ക്ക് നേരത്തേ വീതംവെച്ച് നല്‍കിയിരുന്നു. ഇതിനോടുചേര്‍ന്ന് മക്കളിലൊരാളുടെ വീടുമുണ്ട്. പക്ഷേ, അമ്മയെ ആര്‍ക്കും വേണ്ട. അമ്മയുടെ വീടും അവിടെയുള്ള അഞ്ചുസെന്റും വേണം. എന്നാല്‍ ഇത് നല്‍കാമെന്നും അമ്മയെ നോക്കിയാല്‍ മതിയെന്നും ആര്‍ഡിഒ അറിയിച്ചെങ്കിലും ആരും തയ്യാറായില്ല. അമ്മയെ നോക്കണമെന്ന് പറഞ്ഞതോടെ ആ വീടിന്റെ താക്കോല്‍ കൈവശംവെച്ചിരുന്ന മകള്‍ തത്സമയം കൈമാറി കൈയൊഴിഞ്ഞു.

ഓരോ മക്കളും ഓരോ ആഴ്ച, ഓരോ മാസം താമസിപ്പിക്കുക എന്ന ആശയം ആര്‍ഡിഒ മുന്നോട്ടുവെച്ചെങ്കിലും ആരും തയ്യാറായില്ല. അങ്ങനെയാണ് ലക്ഷ്മി 75ാം വയസ്സില്‍ ജീവിച്ചിരിക്കുന്ന ആറ് മക്കളുടെ അനാഥയായ അമ്മയായി ചൊവ്വാഴ്ച സന്ധ്യയോടെ വൃദ്ധസദനത്തില്‍ എത്തിയത്.

Exit mobile version