കാസര്‍കോട് ഇരട്ട കൊലപാതകം; പോലീസിനെ കുഴപ്പിച്ച് മൊഴികള്‍; വെട്ടിക്കൊലപ്പെടുത്തിയത് കഞ്ചാവ് ലഹരിയിലെന്ന് മൊഴി; പീതാംബരന്‍ നിരവധി കേസുകളിലും പ്രതി

പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. അതേസമയം, പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കാസര്‍കോട്: ഇരട്ട കൊലപാതകത്തില്‍ യുവാക്കളെ വെട്ടിയത് താനെന്ന് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ മൊഴി. കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികള്‍. മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പോലീസിനെ കുഴപ്പിച്ച് മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ് പ്രതികള്‍. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. അതേസമയം, പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. പീതാംബരന്‍ നിരവധി കേസില്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍.

നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാമ്പസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, കസ്റ്റഡിയിലുള്ള എല്ലാവര്‍ക്കും കൃത്യത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ട് എന്നാണ് സൂചന.

Exit mobile version