ആറ്റുകാല്‍ പൊങ്കാല.! സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം വരുന്ന സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റി; സമരക്കാര്‍ പ്രതിഷേധത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം വരുന്ന സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റി. പോലീസിന്റെ സഹായത്തോടെയാണ് സമരപന്തല്‍ പൊളിച്ചുമാറ്റിയത്. ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകള്‍ പൊളിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടരുകയാണ്. മാത്രമല്ല പിന്മാറാന്‍ വിസമ്മതിച്ച സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റി.

കെഎസ്ആര്‍ടിസി എം പാനല്‍ഡ് സമരക്കാരുടെ പന്തല്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റിന്റെ മുന്‍ഭാഗത്തെ എല്ലാ പന്തലുകളും നഗസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാര്‍ പണിപ്പെട്ടാണ് നീക്കം ചെയ്തത്.

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നീക്കം ചെയ്യാന്‍ നടപടിയുണ്ടായത്. നടപ്പാത കൈയേറിയുള്ള പന്തലുകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ യാത്രാതടസ്സത്തിനും അപകടത്തിനും വഴിവച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊളിച്ചുനീക്കല്‍ നടപടി ഇപ്പോഴുണ്ടായത്.

Exit mobile version