അതെന്താ പെണ്ണായീന്ന് വെച്ച് ഇതൊന്നും കണ്ടൂടെ? ആഗ്രഹമുണ്ടാവില്ലേ? കഴിയുന്ന കാലത്ത് പോയി അയ്യപ്പനെ കാണണം; കൊലമാസ് നിലപാടുമായി ഈ മുത്തശ്ശി! കൈയ്യടിച്ച് സോഷ്യല്‍മീഡിയ

പെണ്ണുങ്ങള്‍ക്കെന്താ കാണേണ്ട ആഗ്രഹമുണ്ടാകില്ലേ? പെണ്ണ് എന്ന് വെച്ചിട്ട് ഒന്നും കണ്ടുകൂടെ? എല്ലാവരും വയസ്സാകുന്നത് വരെ കാത്തിരിക്കുമ്പോഴേക്കും മരിക്കുകയും ചെയ്യും.

കൊച്ചി: ശബരിമലയില്‍ യുവതികള്‍ കയറുന്നതിനെ ചൊല്ലി കേരളം പ്രക്ഷോഭത്തില്‍ മുങ്ങുന്നതിനിടെ ശക്തമായ നിലപാടുമായി ഈ കിടിലന്‍ മുത്തശ്ശി. മല ചവിട്ടാന്‍ സ്ത്രീകളെ അനുവദിക്കില്ലെന്ന് പറഞ്ഞ് സന്നിധാനത്തേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കിവിടുകയും ചെയ്യാന്‍ സ്ത്രീകള്‍ തന്നെ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് യുവതികള്‍ പ്രവേശിക്കണമെന്ന് ശക്തമായ വാദിച്ച് ഈ മുത്തശ്ശി സോഷ്യല്‍മീഡിയയില്‍ താരമാകുന്നത്.

പ്രതിഷേധക്കാര്‍ക്ക് ചുട്ട മറുപടിയുമായാണ് ഈ അമ്മൂമ്മ എത്തിയിരിക്കുന്നത്. ശബരിമലയില്‍ പെണ്ണുങ്ങള്‍ ആവുന്ന കാലത്ത് പോകണമെന്നും വയസ്സായാല്‍ പിന്നെ പോകുന്ന കാര്യം നടക്കില്ലെന്നും തന്റെ കൊച്ചുമകളോട് പറയുകയാണ് ഈ മുത്തശ്ശി.

‘എല്ലാ സ്ത്രീകളും പോകണം, തൊഴണം. പെണ്ണുങ്ങള്‍ക്കെന്താ കാണേണ്ട ആഗ്രഹമുണ്ടാകില്ലേ? പെണ്ണ് എന്ന് വെച്ചിട്ട് ഒന്നും കണ്ടുകൂടെ? എല്ലാവരും വയസ്സാകുന്നത് വരെ കാത്തിരിക്കുമ്പോഴേക്കും മരിക്കുകയും ചെയ്യും. പിന്നെ എങ്ങനെയാ കാണുക. എനിക്കിപ്പോള്‍ കഴിയുമെങ്കില്‍ ഞാന്‍ പോകുമായിരുന്നു. ഇപ്പോള്‍ എനിക്ക് പോകാന്‍ കഴിയിലല്ലോ? അതുകൊണ്ട് എല്ലാ പെണ്ണുങ്ങളും കഴിയുന്ന കാലത്ത് പോയി ഭഗവാനെ കണ്ടിരിക്കണം’.

‘വയസ്സുകാലത്ത് മല കയറാന്‍ കഴിയില്ല. അന്ന് കഴിയുന്ന കാലത്ത് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഭഗവാനെ കണ്ട് തൊഴാമായിരുന്നുവെന്ന് സ്ത്രീകള്‍ക്ക് തോന്നുന്നുണ്ടാകില്ലേ? ഇപ്പോള്‍ എനിക്ക് അങ്ങനെ തോന്നുന്നുണ്ട്. ഇപ്പോള്‍ പോകണമെന്ന് തോന്നുന്നവര്‍ പോകണമെന്നും’ അമ്മൂമ്മ പറയുന്നു.

അയ്യായിരത്തിലധികം ആളുകളാണ് ഈ മുത്തശ്ശിയുടെ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞത്. ശബരിമല വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ആളുകള്‍ ഈ മുത്തശ്ശി പൊളിയാണെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവയ്ക്കുകയാണ്.

Exit mobile version