കൊട്ടിയൂര്‍ പീഡനം; ഫാദര്‍ റോബിന്‍ വടക്കും ചേരി കുറ്റക്കാരനെന്ന് കോടതി, പ്രതികളായ ആറുപേരെ വെറുതെ വിട്ടു

കണ്ണൂര്‍: ഫാദര്‍ റോബിന്‍ വടക്കും ചേരി കുറ്റക്കാരനെന്ന് കോടതി. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് തലശ്ശേരി പോക്‌സോ കോടതി വിധി പ്രസ്താവിക്കുന്നത്. ബാക്കി 6 പ്രതികളെ കോടതി വെറുതെ വിട്ടു. കൊട്ടിയൂര്‍ നീണ്ടു നോക്കി പളളി വികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കും ചേരി കേസിലെ ഒന്നാം പ്രതിയാണ്. കേസിലെ വിധി ഉടന്‍ പ്രസ്താവിക്കും.

പളളിമുറിയില്‍ കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വികാരി ഫാദര്‍ റോബിന്‍ വടക്കും ചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പത്ത് പ്രതികളായിരുന്ന കേസില്‍ ആകെയുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുളള ഏഴ് പേരാണ് വിചാരണ നേരിട്ടത്.

റോബിന്‍ വടക്കുംചേരിയെ കൂടാതെ പളളിയിലെ സഹായിയായിരുന്ന തങ്കമ്മ നെല്ലിയാനി, കൊട്ടിയൂര്‍ മഠത്തിലെ കന്യാസ്ത്രീകളായ ലിസ് മരിയ, അനീറ്റ, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകം, മുന്‍ സമിതി അംഗം സി.ബെറ്റി ജോസ്, വൈത്തിരി മഠം സൂപ്രണ്ടായിരുന്ന സി.ഒഫീലിയ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കഴിഞ്ഞ ആഗസ്ത് ഒന്നിനാണ് കേസിന്റെ വിചാരണ തലശ്ശേരി പോക്‌സോ കോടതിയില്‍ ആരംഭിച്ചത്. 54 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ് തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തിരുന്നു.

കേസിന്റെ വിചാരണക്കിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറ് മാറിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായയെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. 2017 ഫെബ്രുവരി ഏഴിനാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്. ഫെബ്രുവരി 27ന് അറസ്റ്റിലായ വൈദികന്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

Exit mobile version